2009, ഡിസംബർ 27, ഞായറാഴ്‌ച

മൂർഖൻ പാമ്പ് റീലോഡഡ്

.....................

‘മൂർഖൻ പാമ്പിനെ നോവിച്ച് വിട്ടാൽ’ എന്ന പഴയ ഒരു പീസ്, വായിക്കാത്തവർക്കായ് വീണ്ടും പോസ്റ്റട്ടെ

......................

കേരളത്തിലെ മറ്റു പല സ്ഥലങ്ങളിലുമെന്ന പോലെ, മൂർഖൻ, അണലി തുടങ്ങിയ മുന്തിയ ഇനം ഉരുപ്പടികളും കാഴ്ചക്കു ഭീകരനെങ്കിലും വലിയ കുഴപ്പക്കാരല്ലാത്ത ചേരകളും യഥേഷ്ടം ജീവിച്ചു വരുന്ന ഒരു നാട്ടിൻപുറമാണ് ഞങ്ങളുടേതും.

അള മുട്ടിയാൽ ചേരയും കടിക്കും, ചവിട്ടിയാൽ കടിക്കാത്ത പാമ്പുണ്ടോ?, വേലിയിൽ ഇരുന്ന പാമ്പിനെയെടുത്ത്‌ എവിടെയോ വെച്ചത്‌ പോലെ തുടങ്ങിയ പഴഞ്ചൊല്ലുകളൊക്കെ പരിശോധിച്ചാൽ പാമ്പുകൾ ഇങ്ങോട്ടു് വന്ന്‌ ഉപദ്രവിക്കുമെന്നുള്ള ഒരു സൂചന പോലും ഇല്ല. എങ്കിൽതന്നെയും മിക്കവാറും എല്ലാവരും, പാമ്പിനെ കണ്ടാലുടാൻ അടിച്ച്‌ കൊല്ലുന്നതിൽ അതീവ ശ്രദ്ധ പുലർ‌ത്തുന്നത്‌ സൂക്ഷിച്ചാൽ ദു:ഖിക്കണ്ട എന്നത് കൊണ്ടാകാം.

നമ്മുടെ ഏരിയായിൽ പാമ്പിനെകൊല്ലികൾ ധാരാളമുണ്ടെങ്കിലും ഞാൻ കൊല്ലാറില്ല. കൊല്ലുന്നതും ഉപ‌ദ്രവിക്കുന്നതും ഇഷ്ടമേയല്ല. അങ്ങനെ യൊരു ശീലം വന്നത് പേടി കൊണ്ടു് മാത്രമായിരുന്നു.

“പ്രിവൻഷൻ ഇസ് ബെറ്റർ ദാൻ ….” എന്ന് കരുതി, ദിവസവും കിട്ടാവുന്നത്ര വെള്ളുള്ളി അടുക്കളയിൽ നിന്നും പൊക്കുകയും ചതച്ച്‌ വീടിന്റെ പരിസരത്തെല്ലാം വിതറുകയും ചെയ്യുകയാണ് നമ്മുടെ പണി. അതിന്റെ മണം പാമ്പുകൾക്ക് ഇഷ്ടമല്ലാ എന്നും അത്തരം പ്രദേശങ്ങളിൽ ഈ സാധനം വരികയുമില്ലാ എന്ന്‌ ആരോ പറഞ്ഞത് കേട്ടതു കൊണ്ടാ‍ണത്‌.

എന്നാലും ആഴ്‌ചയിൽ മിനിമം ഒരു പാമ്പിനെയെങ്കിലൂം ഞങ്ങൾക്കു കാണേണ്ടി വരാറുണ്ടു്. കണ്ടാൽ ഉടനെ ഒരൂ നിലവിളി ശബ്‌ദം പുറപ്പെടുവിക്കുകയും ഏതു സമയത്താണെങ്കിലും പരിസരത്തുള്ളവരാരെങ്കിലും ഓടിവന്ന്‌ അതിനെ കൊല്ലുകയും ചെയ്തുകൊള്ളും.

ചേരയെ ഒന്നും ചെയ്യാറില്ലായിരുന്നു. അല്ലെങ്കിൽ തന്നെ ചെയ്യാൻ കിട്ടിയിട്ട്‌ വേണ്ടെ? കണ്ണടച്ചു് തുറക്കുന്ന സമയത്തിനുള്ളിൽ ആശാൻ അടുത്ത പഞ്ചായത്തിൽ എത്തിയിട്ടുണ്ടാകും.

ഗൾഫിലെത്തിയതിന് ശേഷമാണ് ആ ഭയത്തിൽ ചെറിയ ഒരു അയവ്‌ വന്നത്‌, ചില രാത്രികളിൽ പാമ്പിനെ സ്വപ്‌‌നം കണ്ട് ഞെട്ടിയുണരാറുണ്ടായിരുന്നെങ്കിലും.

*******

പ്രവാസജീവിതത്തിന്റെ ഇടവേളകളിലൊന്നിൽ കണ്ടകശനി നിഴൽ പോലെ കൂടെയുണ്ടായിരുന്ന ഒരു രാത്രി 8 മണിയോടെ ആറ്റിങ്ങൽ നിന്നും ചിറയിൻ‌കീഴേക്ക്‌ പോകേണ്ട ഒരു ആവശ്യം വന്നു. നന്നായി ഇരുട്ട് പരന്നിരുന്നെങ്കിലും നമ്മുടെസ്വന്തം യാഗാശ്വം, ഹീറൊ ഹോണ്ട സ്പെളണ്ടറിൽ മാന്യമായ സ്പീഡിൽ “വേളിക്ക്‌ വെളുപ്പാൻ കാലം ......താ‍ലിക്ക്‌ കുരുത്തോല .....” എന്ന പാട്ടൊക്കെ പാടി പോകുകയായിരുന്നു.

ചെറുവള്ളിമുക്കു് എന്ന് സ്ഥലം കഴിഞ്ഞപ്പോൾ വിജനമായ ഒരു റോഡിൽ വെച്ച് ബൈക്കിന്റെ വെളിച്ചത്തിൽ കറുത്ത വൃത്താകൃതിയിൽ അടയാളങ്ങളുള്ളതും അത്യാവശ്യം കനമുള്ളതും ഒന്നരമീറ്ററോളം നീളം തോ‍ന്നിക്കുന്നതുമായ ഒരു പാമ്പ് മന്ദം മന്ദം റോഡ് ക്രോസ് ചെയ്യുന്നത് കണ്ടു,

അപ്പോഴേക്കും വളരെ അടുത്തെത്തി ക്കഴിഞ്ഞിരുന്നു.

ബ്രേക്ക് ചവിട്ടിയില്ലെങ്കിൽ ബൈക്ക് പാമ്പിന്റെ മുകളിലൂടെ കയറിയിറങ്ങും, ചവിട്ടിയാൽ മിക്കവാറും പാമ്പിന്റെ അടുത്തായി വണ്ടി നിൽക്കുകയൂം ചിലപ്പോൾ റാംജിരാവ്‌ സ്പീക്കിങിൽ ഇന്നസെന്റ്, മുകേഷ്, സായികുമാർ എന്നിവർ മണ്ണിൽ കിടന്ന്‌ പിടിവലി കൂടുന്നത് പോലെ പാമ്പും, ബൈക്കും ഞാനും ഉരുണ്ട് കളിക്കേണ്ടിയും വരും.

എത്രയും പെട്ടെന്ന്‌ ഒരു തീരുമാനത്തിലെത്തിയേ പറ്റൂ.

സ്വകാര്യ ബസ്സുകൾ എപ്പോഴും മത്സരയോട്ടം നടത്തുന്ന റോഡാണ്, അപ്പോഴൊന്നും വരാതെ എന്റെ വണ്ടിയുടെ മുന്നിൽ തന്നെ വന്ന്‌ കയറണമായിരുന്നോ കുരുപ്പേ?

ഒടുവിൽ രണ്ടും കൽ‌പിച്ച് ആക്സിലേറ്ററ് കൂട്ടി, പാമ്പിന്റെ മുകളിലുടെ ബൈക്ക്‌ കയറി മുന്നോട്ട് പോയി, തിരിഞ്ഞ്‌ നോക്കിയില്ല, ഒരു ബർഗർ ബണ്ണിന്റെ പുറത്ത് അമർത്തിയ അനുഭവം.

അപ്പോഴാണ് ബൈക്ക്‌ കയറ്റിയിറക്കിയാൽ ടയറിൽ ചുറ്റിപ്പിടിക്കുന്ന സ്വഭാവം പാമ്പുകൾക്കുണ്ടെന്ന കാര്യം ആരോ പറഞ്ഞത്‌ ഓർ‌മ വന്നത്‌.

ഇരുട്ട് കാരണം ഒന്നും വ്യക്ത‌മായി കാണാനും കഴിയുന്നില്ല.നെഞ്ചിനുള്ളിൽ ഭയം റോക്കറ്റ് പോകും പോലെ കുത്തനെ ഉയർന്നപ്പോൾ എന്റെ ഇരു കാലുകളൂം ഇരുവശത്തേക്കുമായി ഉയരുന്നതും ഞാനറിഞ്ഞു. പാമ്പ് വണ്ടിയിലുണ്ടെങ്കിൽ കാലുകളിലായിരിക്കുമല്ലോ ആദ്യത്തെ അറ്റാക്ക്.

നിരന്തര പരിശീലനം കൊണ്ട് മാത്രം കൈവരുന്ന ഒരു “ആസനം“ ഒരു പ്രാക്ടീസുമില്ലാതെ എനിക്കപ്പോൾ ചെയ്യാൻ പറ്റി. (ആസനവും ഇരു കാലുകളും ഒരേ നേർ‌രേഖയിൽ വെച്ച് ഇരിക്കുന്ന അവസ്ഥ).

ബൈക്ക് നിറുത്തിയേ പറ്റൂ, നിറുത്തണമെങ്കിൽ ബ്രേക്ക്‌ ചവിട്ടണം, ബ്രേക്ക്‌ ചവിട്ടണമെങ്കിൽ കാലു് താഴ്‌ത്തണം. എന്തായാലും അതേ നിലയിൽ തന്നെ കുറെ ദൂരം കൂടി മുന്നോട്ട് പോയി.

അപ്പോൾ അടിച്ചു പൂക്കുറ്റിയായി അയ്യപ്പബൈജുവിന്റെ സ്റ്റൈലിൽ വഴിയരികിൽ നിന്ന ഒരു ചേട്ടൻ മോട്ടർ സൈക്ക‌ൾ അഭ്യാസമാണോ അതോ ഏതൊ അഭ്യാസി ഇന്നത്തെ കളി കഴിഞ്ഞ്‌ വീട്ടിൽപ്പോകുകയാണോ എന്ന ഭാവത്തിൽ നോക്കുന്നതും കണ്ടു.

അങ്ങനെ തന്നെ വീണ്ടും മുന്നോട്ട് പോയാൽ വേറെ ഏതെങ്കിലും വണ്ടി വന്ന്‌ കയറി കട്ടേം പടോം മടങ്ങുമെന്നുറപ്പായതിനാലും സമയം കഴിയും തോറും പാമ്പ് മുകളിലേക്കെത്തുമെന്ന് അറിയാമെന്നതിനാലും എങ്ങനെയും നിറുത്താൻ തന്നെ തീരുമാനിച്ചു.

അല്പമകലെയായി വെളിച്ചം കണ്ട ഒരു കടയൂടെ മുൻപിൽ സ്റ്റോപ്‌ ചെയ്യാമെന്ന്‌ മനസിലുറപ്പിച്ച്വൺ, റ്റൂ, ത്രീ പറഞ്ഞ്‌ വലത് കാൽ താഴ്‌ത്തി ബ്രേക്ക് ചവിട്ടിയതും ഇടത്ത് ഭാഗത്തേക്കു് ഞാൻ ചാടിയതും ഒരുമിച്ചായിരുന്നു.എന്നാൽ ടൈമിംഗ്‌ ശരിയാ‌കാത്തത് കൊണ്ട് മാത്രം ഒരു ചാലിലേക്ക് ഉരുണ്ട് പോകുന്നതിനിടയിൽ കുറച്ച്‌ മുന്നോട്ട് പൊയി ബൈക്ക് വീഴുന്നതും കണ്ടു.

എനിക്കും സ്‌പെളണ്ടരിനും ഗുരുതരമല്ലെങ്കിലും ഒട്ടും മോശമല്ലാത്ത നിലയിൽ പരിക്കുകൾ പറ്റി യെ ങ്കിലും ബൈക്കിൽ പാമ്പ് ഇല്ലായിരുന്നുവെന്ന സത്യം മനസ്സിലാക്കി.

എന്തായാലും അന്നുമുതൽ എന്റെ ഭയപ്പെടുത്തുന്ന ഓർ‌മകളിലും സ്വപ്‌നങ്ങളിലും ഉള്ള പാമ്പുകളുടെ ലിസ്റ്റിൽ പുതിയ ഒരെണ്ണം കൂടി ജോയിൻ ചെ‌യ്‌തു.

*******

രണ്ട്‌ വർ‌ഷങ്ങൾക്ക്‌ ശേഷമുള്ള മറ്റൊരു അവധിക്കാലം.

ഒരിക്കൽ തിരുവനന്തപുരത്ത്‌ കിഴക്കേക്കോട്ടയിൽ പോയപ്പോൾ പുത്തരിക്കണ്ടം മൈതാനിയിൽ സ്നേക് ഷോ നടക്കുന്നതായി ബോർഡ്‌ കണ്ടു.

ഉറക്കത്തിലും നേരിട്ടുമൊക്കെ നിരന്തരം പീഡിപ്പിച്ച് കൊണ്ടിരിക്കുന്ന ഈ ജീവിയെ ടിക്കറ്റെടുത്ത്‌ കാണണോ?

മനസില്ലാ മനസോടെയാണെങ്കിലും കയറാമെന്ന്‌ വെച്ചു.ടിക്കറ്റ്‌ 10 രൂപ. ഏതാണ്ട് ഒരു ദിർഹം അല്ലേ ആകുന്നുള്ളു (അബൂദാബിയിൽ മമ്മദ്‌ക്കായുടെ കഫ്‌റ്റീരിയായിൽ നിന്ന്‌ 2 പൊറോട്ട പെയിന്റടിച്ച് തിന്നുന്ന കാശ്‌).

കണ്ണാടിക്കൂടുകളിൽ വരിവരിയാ‍യി, പല വർഗത്തിലും പെട്ട പല തരം പാമ്പുകൾ. രാജവെമ്പാല, മൂർഖൻ, അണലി, പച്ചില‌പ്പാമ്പ് എന്നിങ്ങനെ ഓരൊന്നിനെയും ഓരോ കൂട്ടിലായ് ഇട്ടിരിക്കുന്നു. മ്യൂസിയത്ത് പോയാൽ കാണുന്നത് പോലെ. ചിലത് നാക്ക് നീട്ടി വിറപ്പിച്ചു കൊണ്ടിരിക്കുന്നു.

അങ്ങനെ ഓരോന്നായി കണ്ട് ക്ണ്ട് വരിയിലൂടെ നീങ്ങി. അതവസാനിക്കുന്നിടത്ത് ചെറിയ ഒരു സ്റ്റേജും അതിൽ പൌൾട്രി ഫാമിൽ കോഴികളെ ഇടൂന്നതു പോലുള്ള ഒരു കൂടൂം അതിന്റെ മുന്നിൽ കാണികളായി പത്തിരുപത് പേരും.

കൂടിനുള്ളിൽ പല വലുപ്പത്തിലും, നിറത്തിലും, ജാതിയിലും ഉള്ള പാമ്പുകളുടെ സംസ്ഥാന സമ്മേളനം.

ചെറുതും വലുതുമായി പത്തറുപതെണ്ണമെങ്കിലും വരും, ഒരു ഭാഗത്ത് ലുലു സെന്റരിൽ ബെൽറ്റ് തൂക്കിയിട്ടിരിക്കുന്നത് പോലെ കുറെയെണ്ണം തൂങ്ങി ക്കിടക്കുന്നു.മറ്റ് ചിലത് അങ്ങോട്ടുമിങ്ങോട്ടുമെല്ലാം ഇഴഞ്ഞു നടക്കുന്നു.

ഞാൻ ആദ്യം ശ്രദ്‌ധിച്ചത് പാമ്പുകൾക്ക് അതിൽ നിന്നും പുറത്ത് കടക്കുവാൻ പറ്റിയ വിടവോ മറ്റോ ഉണ്ടോ എന്നാണു. ഇല്ലാ എന്നു ഉറപ്പ് വരുത്തിയതി‌ന് ശേഷം ആൾക്കാരുടെയെല്ലാം പുറകിലായി പോയി നിന്നു.

ഇവിടെ എന്താണ്‌ നടക്കാൻ പോകുന്നതെന്ന്‌ അറിയണമല്ലോ.അഞ്ചു മിനിട്ട് കഴിഞ്ഞ്‌ കാണും, മുപ്പത്തിയഞ്ചു- മുപ്പത്തിയേഴ്‌ വയസ്‌ പ്രായം വരുന്ന ഒരു പയ്യൻ വന്ന്‌ കൂടു തുറന്ന്‌ അകത്തു കയറുകയും മുഴുത്ത ഒരെണ്ണത്തിനെ എടുത്ത് കൊണ്ട് പുറത്തേക്ക്‌ വരികയും ചെയ്തു.

കൂട് അടച്ചതിന് ശേഷം ഇരു കൈകളിലുമയി പാമ്പിനെ ഏടുത്തുയർത്തിക്കൊണ്ടു, അദ്ദേഹം നടത്തിയ വിശാലമായ പ്രസംഗത്തിലെ ചില പോയിന്റുകൾ ചുരുക്കത്തിൽ ഏതാണ്ടു ഇതുപോലെയായിരുന്നു.

പ്രിയമുള്ളവരെ !

“പാമ്പുകൾ മനുഷ്യ്ന്റെ ശത്രുവേയല്ല. സ്വയരക്ഷക്ക്‌ വേണ്ടി മാത്രമാണ് അവ കടിക്കുന്നത്".

“നീർക്കോലി കടിച്ചാൽ അത്താഴം മുടക്കണമോ? വേണ്ടേ വേണ്ട. അത്താഴം കഴിച്ചാൽ അതൊരിക്കലും ‘ലാസ്റ്റ്‌ സപ്പർ‘ ആകത്തില്ല, കാരണം നീർക്കോലിക്ക്‌ വിഷമില്ല. നിങ്ങൾ ആവശ്യാനുസരണം എന്തും കഴിച്ച്‌ സുഖമായി ഉറങ്ങിക്കോള്ളു.”

ഇത്രയും പറഞ്ഞിട്ട് കയ്യിലിരുന്ന സാധനത്തിനെ കൂടിനകത്തേക്ക്‌ ഇട്ടതി‌ന്‌ ശേഷം വന്ന്‌ ഇങ്ങനെ തുടർന്നു.

“മൂർഖൻ പാമ്പിന്റെ തല മാത്രം പറന്ന്‌ വന്ന്‌ ഉപദ്രവിക്കുമെന്ന്‌ ചിലരൊക്കെ വിശ്വസിക്കുന്നു. അത്‌ തികച്ചും അബദ്ധധാരണയാകുന്നു”.

“ ‘മഞ്ഞച്ചേര മലർന്ന്‌ കടിച്ചാൽ മലയാളത്തിൽ മരുന്നില്ല’ ഇപ്രകാരം, ഒരു ചൊല്ല്‌ ഗ്രാമപ്രദേശങ്ങളിൽ കേൾക്കാം. മലയാളത്തിലെന്നല്ല, മറ്റൊരു ഭാഷയിലും മരുന്ന് കാണില്ല, എന്തു കൊണ്ടെന്നാൽ ചേരക്ക്‌ വിഷമില്ല, അത്ര തന്നെ.”

“സന്ധ്യാനേരങ്ങളീൽ ചിലപ്പോഴൊക്കെ ഉണ്ടാകുന്ന ഒരു ദുർഗന്ധം, ഏതൊ പാമ്പ് വായ തുറക്കുന്നത് കൊണ്ടാണെന്ന്‌ പറഞ്ഞ്‌ കേൾക്കാറുണ്ട്. അത്‌ തികച്ചും തെറ്റാണ്. ചില പൂവുകൾ വിരിയുമ്പോഴുണ്ടാകുന്ന ഗന്ധമാണത്‌”.

“കേരളത്തിൽ കാണപ്പെടുന്ന ചുരുക്കം ചില പാമ്പുകൾക്കേ വിഷമുള്ളൂ. (മൂർഖൻ, അണലി, വെള്ളിക്കെട്ടൻ etc.) ഇവയുടെ കടിയേറ്റാൽ തന്നെയും ഭയക്കേണ്ട ആവശ്യമില്ല, ഉടനെ ആശുപത്രിയിൽ എത്തിയാൽ രക്ഷപെടുക തന്നെ ചെയ്യും. മിക്കവാറും എല്ലാ ആശുപത്രികളീലും പാമ്പിൻ വിഷത്തിനുള്ള പ്രതിവിധികളുണ്ട്.”

പാമ്പുകളെ ക്കുറിച്ച് അതുവരെയില്ലാതിരുന്ന അറിവുകൾ എന്റെ മനസിന്‌ കുറച്ചൊന്നുമല്ലാ സന്തോഷം നൽകിയത്.

“രാജവെമ്പാ‍ല ആണ് കടിക്കുന്നതെങ്കിൽ, ആള് രക്ഷപെടാൻ സാധ്യതയില്ല. ഭാഗ്യത്തിന് കേരളത്തിൽ വനാന്തരങ്ങളിൽ മാത്രമെ അവ കാണപ്പെടുന്നുള്ളൂ”.

“വ്യത്യസ്‌ത ഇനത്തിൽ പെട്ട പാമ്പുകൾ തമ്മിൽ ഇണ ചേരില്ല. ചേരയും മൂർഖനും തമ്മിൽ ഇണ ചേരുമെന്ന്‌ പറഞ്ഞ്‌ കേൾക്കാറുണ്ട്”.

“പാമ്പുകളുടെ തലച്ചോറ്‌ നിരവധി പരീക്ഷണങ്ങൾക്കു് വിധേയമാക്കിയുട്ടുണ്ട്‌. ഒന്നും ഓർത്ത്‌ വെയ്ക്കുവാനുള്ള കഴിവ്‌ അവയ്ക്കില്ല. എന്ന് വെച്ചാൽ, പാമ്പുകൾക്കു് ഓർമശക്തിയേയില്ല”.

ഇതു കേട്ടപ്പോൾ എനിക്ക്‌ സന്തോഷം അടക്കാനായില്ല.എന്ത് കൊണ്ടെന്നാൽ, പാമ്പിനെ ഉപദ്രവിച്ചുവിട്ടാൽ അത് എന്നെങ്കിലും, എവിടെ വെച്ചെങ്കിലും പണി തരും എന്നായിരുന്നു അതുവരെയുള്ള എന്റെ വിശാസം.

അതിനുള്ള ഒരു പ്രധാന കാരണം, സകല കന്നന്തിരിവുകളും കാണിച്ചിട്ട്, ആരുടെയെങ്കിലും കയ്യീന്ന്‌ അടിയും വാങ്ങിക്കെട്ടി പോകാൻ നേരം തിരിഞ്ഞ് നിന്ന്

“ഒരു മൂർഖൻ പാമ്പിനെയാണു് നീ നോവിച്ച് വിടുന്നതെന്നോർത്തോ”

എന്നു് ടിജീരവിയണ്ണനെപ്പോലുള്ള, സീഡിയും മൊബൈലും ബ്ലൂടൂത്തും ഒന്നും ഇല്ലാത്ത കാലത്തെ ഒരു തലമുറയുടെ, രോമാഞ്ച നായകന്മാർ പറയുന്നത് കേട്ട് ഞങ്ങൾ വളർന്നതാകാം.

അങ്ങനെയുള്ള ഒരു ഹിമാലയൻ വിശ്വാസമാണ് അന്നവിടെ പൊളിച്ചടുക്കിയത്‌.

എന്തായാലും ആ ഷോയ്ക്ക് ശേഷം, പാമ്പുകളോടുള്ള എന്റെ പേടി വലിയൊരളവ് വരെ മാറി.

പാമ്പുകളെല്ലാം തന്നെ അംനേഷ്യയോ അൾഷിമേഴ്‌സോ ബാധിച്ചവരെപ്പോലെ ആണെന്നറിയാമെങ്കിലും പിന്നീട് ആറ്റിങ്ങൽ -ചിറയിൻ‌കീഴ് റോഡിൽ രാത്രി ബൈക്കിൽ പോകാൻ ഒരു അവസരം കിട്ടിയിട്ടില്ല.

45 അഭിപ്രായങ്ങൾ:

Unknown പറഞ്ഞു...

ആദ്യത്തെ കമന്റ്‌ എന്റെ വക. 1978 ഇല്‍ ഇതേ സംഭവം ഇതേ പോലെ എന്റെ അച്ഛന് സംഭവിച്ചു. അച്ഛനും അച്ഛച്ചനും കൂടെ രാത്രി അന്നത്തെ രാജാവായ Rajdoot -ന്റെ പുറത്തു വരികയായിരുന്നു. നാട്ടിടവഴിയാണ്, വെളിച്ചവും ഒന്നും ഇല്ല. ഞാനും അമ്മയും ഇവരെ കാത്തിരിക്കുകയായിരുന്നു. വീടും കടന്നു ബൈക്ക് ഓടിപോകുന്നത് കണ്ടു ഞങ്ങളും പുറകെ ഓടി. അച്ഛന്‍ ഒരിടത്ത് ബൈക്ക് എങ്ങനെയോ നിറുത്തി രണ്ടു പേരും ചാടി ഇറങ്ങി നോക്കുമ്പോള്‍ പാമ്പ് ശരിക്കും ബൈക്ക് ഇല്‍ നിന്ന് അങ്ങനെ ഇഴഞ്ഞു പോകുന്നു... പാമ്പിന്റെ പുറത്തു കൂടെ ബൈക്ക് കയറ്റിയപ്പോള്‍ അത് വണ്ടിയില്‍ കയറിപ്പറ്റി ശരിക്കും handle വരെ വന്നിരുന്നു എന്നാണ് അച്ഛന്‍ പറഞ്ഞത്. ഒരു ചാണ്‍ ഗാപില്‍ രക്ഷപ്പെട്ടു..

ആശംസകള്‍..

ഭായി പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
ഭായി പറഞ്ഞു...

##ഇതു കേട്ടപ്പോൾ എനിക്ക്‌ സന്തോഷം അടക്കാനായില്ല.എന്ത് കൊണ്ടെന്നാൽ, പാമ്പിനെ ഉപദ്രവിച്ചുവിട്ടാൽ അത് എന്നെങ്കിലും, എവിടെ വെച്ചെങ്കിലും പണി തരും എന്നായിരുന്നു അതുവരെയുള്ള എന്റെ വിശാസം##

അതുവരെയുണ്ടായിരുന്ന ആ പേടി മനസ്സിലായി..

പഴം ചൊല്ല് പാഴ് ചൊല്ലാണോയെന്നുറപ്പിക്കാനായി ആറ്റിങല്‍ ചിറയിങ്കീഴ് ഒരു ട്രിപ്പ് അടിച്ച് നോക്കണമായിരുന്നു :-)

സംഗതി കൊള്ളാം!

Unknown പറഞ്ഞു...

അടുത്തത് എന്റെ വക
ഒരാഴ്ച മുമ്പ് എന്റെ ഒരു കൂട്ടുകാരന്‍ പാര്‍ക്ക് ചെയ്ത ബൈക്കിന്റെ അടുത്തെയ്ക്ക് മടങ്ങിവന്നപ്പോള്‍ ബൈക്കിനു ചുറ്റും അല്പം വിട്ടുപിടിച്ച് ചെരിയൊരു കൂട്ടം. തൊട്ടടുത്തുള്ള കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ഒരു പാമ്പ് ബൈക്കിന്റെ മുകളിലേയ്ക്ക് വീണുപോലും. എന്നാല്‍ പിന്നെ അതിനെ കാണാനുമില്ല
അല്പം പേടിച്ച കൂട്ടുകാരന്‍ ഒന്നു വിട്ടുനിന്ന് ഒരു ബൈക്ക് നിരീക്ഷണം നടത്തിയെങ്കിലും പാമ്പിനെ കണ്ടില്ല.ഒരു ധൈര്യത്തില്‍ , പിന്നെ മറ്റവന്മാരൊക്കെ തന്നെ ഒന്ന് ആക്കുന്നതാ‍ണോ എന്ന സംശയത്തില്‍ ബൈക്ക് ഓടിച്ച് ഇത്തിരി മുമ്പോട്ട് പോയപ്പൊളാണ് ഒരു മാസം മുമ്പ് ഒരുത്തന്റെ ഹെല്‍മറ്റില്‍ പാമ്പ് കയറിയ സംഗതി അവന്‍ ഓര്‍തത്. ബൈക്ക് നിര്‍ത്തി ഒന്ന് കുനിഞ്ഞപ്പോള്‍ അത് കാലിന്റെ തൊട്ടടിത്ത് പെറ്റ്രോള്‍ റ്റാങ്കിന്റ് താഴെ പഹയന്‍ !

പാവം വണ്ടി നിര്‍ത്തി ചാടി രക്ഷപ്പെട്ടു

ആർദ്ര ആസാദ് പറഞ്ഞു...

സരളമായി പറഞ്ഞിട്ടുണ്ട് പാമ്പുപൂരാണം.
ഒരു വിശാലൻ ടച്ച്.
:)

ചാണക്യന്‍ പറഞ്ഞു...

പാമ്പ് വിശേഷങ്ങൾ ഇഷ്ടായി...
പുതുവത്സരാശംസകൾ..........

OAB/ഒഎബി പറഞ്ഞു...

ബൈക്ക് യാത്രക്കിടയിൽ മരത്തിൽ നിന്നും പാമ്പ് ഹാന്റിലിന്റെ നടുക്ക് വീണാൽ എന്ത് സംഭവിക്കും?
എനിക്കൊന്നും സംഭവിച്ചില്ല. പാവം പാമ്പ്! നാട്ടുകാർ തല്ലിക്കൊന്നു. പേടിയുള്ളവരാരെങ്കിലുമായിരുന്നെങ്കിൽ ആ നിമിഷം ബൈക്കിൽ നിന്നും കൊട്ടിപ്പിടഞ്ഞ് വീണേനെ.
അത് പോട്ടെ, ഒരു പാമ്പിനെ കണ്ട് ഇങ്ങനെ എഴുതിയാൽ???
അപ്പൊ ഒരാനയെ കാണ്ടാൽ?????

കണ്ണനുണ്ണി പറഞ്ഞു...

പാമ്പ് പുരാണം ഉഷാറായി എന്തായാലും

അഭി പറഞ്ഞു...

പാമ്പിനെ കുറിച്ചുള്ള വിശേഷങ്ങള്‍ ഇഷ്ടായി

പുതുവത്സരാശംസകള്‍

ലംബൻ പറഞ്ഞു...

ഹെല്‍മറ്റ് ഇല്ലാതെ ബൈക്കില്‍ യാത്ര ചെയ്യുന്ന പാമ്പിനു പിഴ കൊടുക്കാന്‍ വകുപ്പുണ്ടോ മാഷെ? പാമ്പ് പുരാണം അസലയിട്ടോ. എനിക്കും പാമ്പിനെ വലിയ പേടിയാ. പാമ്പ് കടിച്ചു ഇനി പാമ്പിനു വല്ല വിഷോം തീണ്ടിയാലോ?

ബിനോയ്//HariNav പറഞ്ഞു...

വശം‌വദാ ഉഗ്രന്‍ ശൈലി. പാമ്പിനെ പേടിയുടെ കാര്യത്തിലാണെങ്കില്‍ ഒരു മത്സരത്തിന് ഞാന്‍ തയ്യാര്‍. പോസ്റ്റിന്‍റെ അവസാനഭാഗം വായിച്ച് അല്പ്പമൊന്ന് റിലാക്സ് ചെയ്തുവന്നപ്പോഴാണ് കമന്‍റുകളില്‍ പാമ്പ് വേലായുധന്മാരുടെ വിളയാട്ടം. മനുഷ്യനെ മനസ്സമാധാനമഅയി ബൈക്കോടിക്കാന്‍ സമ്മതിക്കില്ലാന്ന് വെച്ചാല്... :)

ചേച്ചിപ്പെണ്ണ്‍ പറഞ്ഞു...

പാമ്പിനെ ആര്‍ക്കാണ് പേടി ഇല്ലാത്തത് ...
നല്ല പോസ്റ്റ്‌ ... ഇഷ്ടായി ...

Typist | എഴുത്തുകാരി പറഞ്ഞു...

എനിക്കും ഭയങ്കര പേടിയാ പാമ്പിനെ.

വശംവദൻ പറഞ്ഞു...

മൂലൻ: വന്നതിലും അനുഭവം പങ്ക് വെച്ചതിലും വളരെ നന്ദി.

“വീടും കടന്നു ബൈക്ക് ഓടിപോകുന്നത് കണ്ടു ഞങ്ങളും പുറകെ ഓടി“

ഇത് കലക്കി. :)

ഭായി: നന്ദി :) ഒരു ട്രിപ്പ് അടിച്ച് നോക്കണോ ?

അരുൺ: വായനയ്ക്കും കമെന്റിനും നന്ദി: കൂട്ടുകാരന്റെ മാനസികാവസ്ഥ ശരിക്കും മനസിലാക്കാൻ കഴിഞ്ഞു. :)

വശംവദൻ പറഞ്ഞു...

ആർദ്ര ആസാദ്: വളരെ വളരെ നന്ദി. അത്രയ്ക്കും വേണോ മാഷെ? :)

ചാണക്യൻ: :) നന്ദി മാഷെ

ഓഎബി: നന്ദി :) സംഭവം കൊള്ളാം. ആ ഒരു അവസ്ഥ വന്നാൽ ആരായാലും പേടിച്ച് വിറച്ച് പോകും, ബൈക്ക് ആരുടെയെങ്കിലും മുതുകത്ത് ചെന്ന് ചെന്ന് കയറുകയും ചെയ്യും.

പിന്നെ ആനയെ ദൂരെ നിന്ന് കാണുമ്പോഴേ നമുക്ക് ഓടാമല്ലോ !?

കണ്ണനുണ്ണി, അഭി: വളരെ നന്ദി

വശംവദൻ പറഞ്ഞു...

ലംബൻ: വളരെ നന്ദി. പാമ്പുകളോട് സ്നേഹമുണ്ടല്ലേ ? :)

ബിനോയ്, ചേച്ചിപ്പെണ്ണ്, എഴുത്ത്കാരി:
:)
വളരെ നന്ദി

Anil cheleri kumaran പറഞ്ഞു...

നിരന്തര പരിശീലനം കൊണ്ട് മാത്രം കൈവരുന്ന ഒരു “ആസനം“ ഒരു പ്രാക്ടീസുമില്ലാതെ എനിക്കപ്പോൾ ചെയ്യാൻ പറ്റി. (ആസനവും ഇരു കാലുകളും ഒരേ നേർ‌രേഖയിൽ വെച്ച് ഇരിക്കുന്ന അവസ്ഥ).

ആസനം കലക്കി. നല്ല എഴുത്ത്. കമന്റുകളും ചിരിപ്പിച്ചു.

വാഴക്കോടന്‍ ‍// vazhakodan പറഞ്ഞു...

നല്ല രസമുള്ള എഴുത്ത് ! പിന്നെ ആക്ചൊലി ഈ പാമ്പ് എന്ന് പറഞ്ഞാല്‍ എന്താ? ചുമ്മാ പ്യാടിപ്പിക്കല്ലേ.....:):)

ടി. കെ. ഉണ്ണി പറഞ്ഞു...

താങ്കളുടെ പാമ്പ്കഥ വളരെ സരസമായിരിക്കുന്നു...
നാഗങ്ങളിൽ തൊണ്ണൂറ്റഞ്ചുശതമാനത്തിന്നും വിഷമില്ലെന്ന് അടിയോടി ശാസ്ത്രം....
നരനാഗങ്ങളിൽ തൊണ്ണൂറ്റഞ്ചുശതമാനത്തിന്നും ഉഗ്രവിഷമെന്നും ബിവറെജ്ശാസ്ത്രം..
ആശംസകൾ..

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

വളരെ വളരെ സരസമായി വിവരിച്ചിരിക്കുന്നു ഈ പാമ്പുപരമ്പരപുരാണം...വല്ലാതെ ചിരിപ്പിച്ചു കേട്ടൊ..
പാമ്പും,ചേമ്പും,ചെമ്പരത്തിയും ഇല്ലാത്ത നാട് കേരളത്തിൽ ഇല്ലെന്നാണല്ലൊ പഴമക്കാർ പറയാറ് !

അജ്ഞാതന്‍ പറഞ്ഞു...

നല്ല എഴുത്ത്... ഒത്തിരി ചിരിച്ചു...
പിന്നെ 'വഴിയില്‍ പാമ്പുണ്ട്.. സൂക്ഷിക്കുക'എന്നാരെങ്കിലും പറഞ്ഞാല്‍ അതില്‍ ആദ്യത്തെ ഭാഗം നമുക്കും രണ്‍ടാമത്തെ ഭാഗം പാമ്പിനും ആണെന്നാണ്‌ തോന്നിയിട്ടുള്ളത്...

ഉഗ്രന്‍
:)

VEERU പറഞ്ഞു...

പാമ്പാനുഭവം ലളിതം,സരസം ,മനോഹരം ...
ആശംസകൾ !!

ഭൂതത്താന്‍ പറഞ്ഞു...

അയ്യോ ...പാമ്പേ ...പാമ്പേ .....എന്നാലും ഒന്ന് സൂക്ഷിച്ചോ ആ റൂട്ടില്‍ ഇനി അധികം കറങ്ങണ്ട....ഹ ഹ

Unknown പറഞ്ഞു...

പാമ്പ് പുരാണം രസകരമായി.
എന്റെ ഒരാള്‍ക്കും ഇതുപോലെ ഒരനുഭവമുണ്ടായി. യാത്ര കഴിഞ്ഞു ബൈക്കില്‍ നിന്നിറങ്ങിയപ്പോള്‍, എവിടുന്നോ കയറിക്കൂടിയ പാമ്പ് സീറ്റിനു അടിഭാഗത്ത്‌ നിന്ന് കൂളായി ഇറങ്ങിപ്പോയി.

ആശംസകള്‍.

വിനുവേട്ടന്‍ പറഞ്ഞു...

ദേ പാമ്പ്‌... ഹ ഹ ഹ... വശംവദന്‍ വീണ്ടും ബൈക്കാസനത്തിലായി...

എന്തൊക്കെ പറഞ്ഞാലും പാമ്പിനെ കണ്ടാല്‍ പേടിച്ചു പോകും. കോളേജില്‍ പഠിക്കുന്ന കാലത്ത്‌ ഒരു മൂര്‍ഖനെ കൊന്നിട്ടുണ്ട്‌, നീര്‍ക്കോലി ആണെന്നുള്ള ധാരണയില്‍... അന്ന് പേടിച്ചു പോയതിന്‌ കണക്കില്ല.

പാമ്പുകളുടെ ശൗര്യം കുറയ്ക്കാന്‍ കുറച്ച്‌ മണ്ണെണ്ണ അവയുടെ മേല്‍ ഒഴിച്ചാല്‍ മതി. ഏത്‌ മൂര്‍ഖനും പത്തി താഴ്ത്തും. ആ തക്കം നോക്കി തല നോക്കി പൂശിയാല്‍ മതി.

കഴിഞ്ഞ വെക്കേഷന്‍ കാലത്ത്‌ വീട്ടുമുറ്റത്ത്‌ സന്ദര്‍ശനത്തിനെത്തിയ ഒരു മൂര്‍ഖന്‍ കുഞ്ഞിനെ മണ്ണെണ്ണയുടെ സഹായത്തോടെ ഞാനും അനുജനും കൂടി പരലോകത്തേക്കയച്ചു. (കുഞ്ഞായത്‌ ഭാഗ്യം ... വലുതാണെങ്കില്‍ വിവരമറിയുമായിരുന്നു.)


താങ്കള്‍ക്കും കുടുംബത്തിനും ഈ ലോകത്തിലെ സകല ജീവജാലങ്ങള്‍ക്കും സമാധാനം നിറഞ്ഞ ഒരു സംവത്സരം നേരുന്നു.

വശംവദൻ പറഞ്ഞു...

കുമാരൻ,
വാഴക്കോടൻ,
T. K. Unni

:) വളരെ നന്ദി

ബിലാത്തിപ്പട്ടണം: :) “പാമ്പും,ചേമ്പും,ചെമ്പരത്തിയും“ കൊള്ളാം, വളരെ നന്ദി.

അജ്ഞാത : :) അത് ഇഷ്ടപ്പെട്ടു. വളരെ നന്ദി.

വീരു,
ഭൂതത്താൻ
തെച്ചിക്കോടന്‍
:) വളരെ നന്ദി

വിനുവേട്ടാ: മണ്ണെണ്ണ പ്രയോഗം ഇഷ്ടപ്പെട്ടു. ഇനി അവസരം കിട്ടുകയണെങ്കിൽ ട്രൈ ചെയ്യാം. :)

താങ്കള്‍ക്കും മറ്റെല്ലാ സുഹ്രുത്തുക്കൾക്കും പുതുവത്സരാശംകൾ നേർന്ന് കൊണ്ട്....

SUNIL V S സുനിൽ വി എസ്‌ പറഞ്ഞു...

വശംവദാ ഇതു കലക്കി..എനിക്കും സമാനമായ
സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്‌. രസിപ്പിച്ചു ഈ പോസ്റ്റ്, അതിനെക്കാളേറെ മുപ്പത്തിയേഴുകാരന്റെ ആ വിവരണങ്ങൾ ആശ്വാസവും പകരുന്നു. നമുക്ക്‌
ഞാനടക്കമുള്ള പാമ്പിനെപ്പേടിയുള്ളവരുടെ ഒരു മീറ്റ് വച്ചാലോ..? പാമ്പാട്ടികൾക്കും സ്വാഗതം..!

Areekkodan | അരീക്കോടന്‍ പറഞ്ഞു...

നല്ല പാമ്പ് പുരാണം...നവവത്സാരാശംസകള്‍

ദീപ്സ് പറഞ്ഞു...

കൊള്ളാംസ്...പാമ്പുകള്‍ എനിക്കെന്നും ഹരമായിരുന്നു..(ചുമ്മാ..)

ചേച്ചിപ്പെണ്ണ്‍ പറഞ്ഞു...

ഞാന്‍ പിന്നേം വന്നു ,,,
താങ്കള്‍ക്കും കുടുംബത്തിനും ഈ ലോകത്തിലെ സകല ജീവജാലങ്ങള്‍ക്കും സമാധാനം നിറഞ്ഞ ഒരു സംവത്സരം നേരുന്നു....

വിനുവേട്ടാ ഒരു സംശയം , ഈ ജീവജാലങ്ങളില്‍ പാമ്പും പെടുമോ ...?

Gopakumar V S (ഗോപന്‍ ) പറഞ്ഞു...

കൊള്ളാമല്ലോ....
പുതുവത്സരാശംസകള്‍...

വിജയലക്ഷ്മി പറഞ്ഞു...

mone ee saadanathhe enikkum nallapediyaa..cherayepoum...nalla rasikan post ..thanichiunnu chirikkunnathu kandittu ..ammaykku vattaayoooonnu molu samshayichoooennoru samshayam...
"puthuvalsaraashamsakal!!"'

വശംവദൻ പറഞ്ഞു...

പണിക്കരെ: :) നന്ദി: ആ പാമ്പ് പേടിമാറ്റാനും മീറ്റോ? അതു വേണോ !?

അരീക്കോടന്‍ മാഷേ: നന്ദി :)

സോണ ജി: :) പ്രാർത്ഥനയ്ക്ക് നന്ദി.

ദീപ്സ്: :) നന്ദി

ചേച്ചിപ്പെണ്ണ്: :) വീണ്ടും വന്നതിൽ സന്തോഷം.

ഗോപന്‍ : :) നന്ദി

വിജയലക്ഷ്മി ചേച്ചി: :) നന്ദി, ഇഷ്ടപ്പെട്ടുവെന്നറിഞ്ഞതിൽ സന്തോഷം.

പുതുവത്സരാശംസകള്‍...

pandavas... പറഞ്ഞു...

ഹീറൊ ഹോണ്ട സ്പെളണ്ടറിൽ മാന്യമായ സ്പീഡിൽ “വേളിക്ക്‌ വെളുപ്പാൻ കാലം ......താ‍ലിക്ക്‌ കുരുത്തോല .....” എന്ന പാട്ടൊക്കെ പാടി പോകുകയായിരുന്നു.

നല്ല പാട്ട്. ഈ പാട്ട് കേട്ടിട്ടാവും റോഡിന്റെ സൈഡിലെവിടെയോ കിടന്ന പാമ്പ് റോഡിനു നടുവില്‍ വന്ന് ആത്മഹത്യ ചെയ്യാന്‍ കിടന്നത്.

ബെസ്റ്റ് പാട്ടല്ലേ...

Umesh Pilicode പറഞ്ഞു...

:-)

പ്രദീപ്‌ പറഞ്ഞു...

aashane i have read this post before , anyway i enjoyed a lot .
then write new stories .
ente VRITTHIK LOSHAN chetta

വശംവദൻ പറഞ്ഞു...

പാണ്ഡവാസേ : :) ശരിയാക്കിത്തരാട്ടോ !

(നല്ല ഹ്യൂമർ സെൻസ്!)

ഉമേഷ്‌ പിലിക്കൊട്,: :) നന്ദി

പ്രദീപ്::) വീണ്ടും കണ്ടതിൽ വളരെ സന്തോഷം. വളരെ നന്ദി

khader patteppadam പറഞ്ഞു...

സൂക്ഷിച്ചാല്‍ ദു:ഖിക്കണ്ട

Ashly പറഞ്ഞു...

കലക്കി.....

Rare Rose പറഞ്ഞു...

പാമ്പു പുരാണം കലകലക്കി.ആ നേര്‍ രേഖയിലുള്ള അവസ്ഥയില്‍ റോഡിലൂടെ പാഞ്ഞു പോകുന്ന അഭ്യാസിയെ മനസില്‍ കണ്ടു കുറേ ചിരിച്ചു.:)

vinus പറഞ്ഞു...

കലക്കി പാമ്പ് പുരാണം.ചിരിക്കാനും ചില കാര്യങ്ങൾ അറിയാനും പറ്റി .അടിച്ചു പാമ്പായി ഞാൻ കയറിയതല്ലാതെ എന്റെ ബൈക്കിൽ വേറെ ഒരു പാമ്പും കയറീട്ടില്ല ഭാഗ്യത്തിന്. ഹൊ ആലൊചിക്കാൻ വയ്യ

വശംവദൻ പറഞ്ഞു...

khader patteppadam:
Captain Haddock:
Rare Rose:
vinus:

:) വളരെ നന്ദി

Gopakumar V S (ഗോപന്‍ ) പറഞ്ഞു...

പുതിയ പോസ്റ്റ് ഉണ്ടോന്നു നോക്കി ഇറങ്ങിയതാ...
നന്ദി, ആശംസകൾ...

Sudheer Das പറഞ്ഞു...

തമാശയിലൂടെ ഒരുപാട് അറിവുകള്‍ പങ്കുവെച്ചു. ആസ്വദിച്ചു.

സുധി അറയ്ക്കൽ പറഞ്ഞു...

അതെങ്ങനെയാ വിനുവേട്ടാ മണ്ണെണ്ണ പ്രയോഗിച്ചത്‌????