2009, ജൂൺ 16, ചൊവ്വാഴ്ച

കൂകിപ്പായും തീവണ്ടി

1970-കളിലെ മഞ്ഞുള്ള ഒരു പ്രഭാതത്തിൽ പഞ്ചാബിലെ പട്യാലയിലെ മിലിട്ടറി ക്യാമ്പിലേക്ക് പോകാനാണ് ഒരു മലയാളി ജവാൻ തന്റെ ഭാര്യയും ഒന്നരവയസുള്ള മകനുമായി തിരുവനന്തപുരം ജില്ലയിലെ ഒരു ഗ്രാമത്തിൽ നിന്നും യാത്ര തിരിച്ചത്.

ജീവിതത്തിൽ ആദ്യമായാണ് മണ്ണ് ചവിട്ടിക്കുഴച്ച് കെട്ടിയുയർത്തിയ കുറെ ഓലപ്പുരകളും ചെമ്മൺ നടപ്പാതകളുമുള്ള വൈദ്യുതി എത്തിനോക്കിയിട്ടില്ലാത്ത തന്റെ കുഗ്രാമത്തിലെ താളിമാവുകളോടും, താഴമ്പൂക്കളൊടും, ചെറുതോടുകളോടും വയലേലകളോടും പറങ്കിമാവുകളൊടും, മൊട്ടക്കുന്നുകളൊടും ഒക്കെ ഗുഡ്‌ബൈ പറഞ്ഞു ആ ഇരുപതുകാരി അമ്മ ഒരു ദൂരയാത്രയ്ക്ക് ഒരുങ്ങുന്നത്.

ഒപ്പം കൊണ്ട് പോയ മാങ്ങ അച്ചാറ്, അരിമാവ്, മുളക് പൊടി, മല്ലിപ്പൊടി തുടങ്ങിയ സകലമാന പലവ്യജ്ഞനങ്ങളൂം, ചീനി മാവ്‌ (അവലോസ് പൊടി), അവലോസുണ്ട, അരിമുറുക്ക്, അച്ചപ്പം ആറ്റിങ്ങലെ ‘ഗംങ്ങാരൻ‘ വൈദ്യന്റെ പലവിധത്തിലുള്ള തൈലങ്ങൾ, കഷായങ്ങൾ, ധാന്വന്തരം കുഴമ്പ്, കുളിച്ചിട്ട് തലയിൽ തടകാൻ രാസ്‌നാദിപ്പോടി തുടങ്ങി ഉപ്പ് തൊട്ട് കർപ്പൂരം വരെ അന്നത്തെ ഒരു കുടുബജീവിതം കെട്ടിപ്പടുക്കുവാൻ വേണ്ട സകല സാമഗ്രികളും അടങ്ങിയ ആറേഴ് പെട്ടികളും ആയാണ് കടയ്കാവൂർ റയിൽവേ സ്റ്റേഷനിൽ നിന്നും കൽക്കരിവണ്ടി കയറിയത്.

അകലെ, വേഗത്തിൽ നീങ്ങിമാറുന്ന തെങ്ങുകളെയും വയലുകളെയും കായലുകളെയും പിന്നിലാക്കി തീവണ്ടിയുടെ ചിന്നംവിളിയുടെ അകമ്പടിയോടെ അഞ്ച് ദിവസത്തേയ്ക്കുള്ള ഒരു യാത്രയുടെ തുടക്കമായിരുന്നു അത്.

രണ്ട് ദിവസമൊക്കെ കഴിഞ്ഞ് പേരറിയാത്ത ഏതൊ ഒരു നാടിലൂടെ ട്രെയിൻ ഓടിക്കൊണ്ടിരിക്കുമ്പോൾ, ഉച്ചനേരത്ത് എങ്ങനെയോ കുഞ്ഞ് വാതിലിനടുത്തേയ്ക്ക് പോയി. ചെറുമയക്കത്തിലായിരുന്ന മാതാവ് ഞെട്ടിയുണർന്ന് നോക്കുമ്പോൾ കുട്ടി വാതിലിനടുത്ത് എത്തിക്കഴിഞ്ഞിരുന്നു.


ഒരു നിമിഷം ആകെ അന്ധാളിച്ചുപോയ അവർ നൊടിയിടയിൽ ഓടിവന്ന് കുഞ്ഞിനെ കോരിയെടുത്തു.

അല്പം കൂടി വൈകിയിരുന്നെങ്കിൽ, ആ സമയം കുഞ്ഞിനെ എടുത്തിട്ടില്ലായിരുന്നെങ്കിൽ ‘അന്ന്യൻ’ സിനിമയിൽ അവസാന സീനിൽ വിക്രം കാണിക്കുന്ന ‘അക്രമ’ത്തിൽ ഒരാൾ ട്രെയിനിൽ നിന്നും താഴേക്ക് വീഴുമ്പൊലെ ആ കുഞ്ഞും വീണുപോകേണ്ടതായിരുന്നു. ഭാഗ്യം! അതുണ്ടായില്ല.

പിന്നെ പാലങ്ങളിലെ മുഴക്കത്തെയും തുരങ്കങ്ങളിലെ ഇരുട്ടിനെയും നിശബ്ദതയെയും പേടിച്ച് അങ്ങനെ, ചെറിയ ഡിസ്പോസിബിൾ മൺപാത്രത്തിലെ ചായയൊക്കെ കുടിച്ച് അവർ യാത്ര തുടർന്നു.

ഒടുവിൽ പഞ്ചാബിന്റെ ബോർഡറിനടുത്തുള്ള ‘അംബാല‘ എന്ന സ്ഥലത്തെത്തി, സ്റ്റേഷനിൽ പെട്ടികളെല്ലാം കൂട്ടിയിട്ട് അവിടെ കുറെ നേരം റെസ്റ്റ് ചെയ്തു. എന്തുകൊണ്ടെന്നാൽ അവിടെ നിന്നും മറ്റൊരു ട്രെയിനിലാണ് പിന്നെ യാത്ര ചെയ്യേണ്ടത്.

അല്പനേരം മാത്രമെ തങ്ങൾക്കുള്ള ട്രെയിൻ അവിടെ നിറുത്തുകയുള്ളൂ എന്നും അതിനാൽ ട്രെയിൻ വന്നാലുടൻ തന്നെ സാധനങ്ങളെല്ലാം കയറ്റേണ്ടതു കൊണ്ട് തൊട്ടടുത്ത വാതിലിലൂടെ കുഞ്ഞിനെയും കൊണ്ടു വണ്ടിയിൽ കയറിക്കൊള്ളണമെന്ന്‌ കണവൻ പറഞ്ഞ് പഠിപ്പിച്ചിരുന്നു.

പോകേണ്ട ട്രെയിൻ അടുത്തെത്തിയപ്പോഴേക്കും കുഞ്ഞ് ശക്തമായ നിലയിൽ നിലവിളിയും തുടങ്ങി. വളരെ തിരക്കുള്ള സമയമായതിനാൽ പട്ടാളം എത്രയും വേഗം തന്റെ ‘സ്ഥാവരജംഗമ’ വസ്തുക്കൾ തീവണ്ടിയിലേക്ക് എടുത്ത് കയറ്റുന്ന ശ്രദ്ധയിലുമായിരുന്നു.

കുട്ടിയെ വാ….വൊ…. എന്നൊക്കെ പറഞ്ഞ് ആശ്വസിപ്പിക്കുന്നതിനിടെ ട്രെയിൻ മെല്ലെ നീങ്ങിത്തുടങ്ങി. ഒപ്പം നടന്നെങ്കിലും വേഗത കൂടിത്തുടങ്ങിയതിനാൽ കയറാൻ കഴിഞ്ഞില്ല. അങ്ങനെ അമ്മയും കുഞ്ഞും പുറത്തും പിതാവ്‌ അകത്തുമായി.

പറഞ്ഞതനുസരിച്ച് കയറിയിട്ടുണ്ടാകുമെന്ന് കരുതി ജവാൻ തന്റെ പെട്ടികളെല്ലം സീറ്റിനടിയിലും മറ്റുമൊക്കെ ഒതുക്കി വെച്ചിട്ട് കുഞ്ഞിനെ കിടത്താൻ തടിസീറ്റിൽ ഒരു ബെഡ്‌ഷീറ്റ് ഒക്കെ വിരിച്ചിട്ട് നോക്കുമ്പോൾ തള്ളയുമില്ല, പുള്ളയുമില്ല.

ആ ബോഗി മുഴുവനും ഓടിനടന്ന് സേർച്ച് ചെയ്ത് കൊണ്ടിരിക്കുമ്പോൾ ഇവിടെ സ്റ്റേഷനിൽ പേടിച്ചരണ്ട് പച്ച മലയാളത്തിൽ വാമഭാഗം ശബ്ദം കുറച്ചും കുഞ്ഞ്‌ വോളിയം കൂട്ടിയും കരയുകയായിരുന്നു.

മലയാളം അറിയാവുന്നവർ ആരും തന്നെ അപ്പോൾ ആ ഏരിയായിൽ ഉണ്ടായിരുന്നില്ല.

കടുകെണ്ണയുടെ മണമുള്ള ആ അന്തരീക്ഷത്തിൽ ചിലർ വന്ന് “ക്യാ ഹുവാ“ എന്നൊക്കെ ചോദിച്ച് കൊണ്ടിരുന്നെങ്കിലും “വണ്ടി പോയി“ എന്നൊക്കെ പറഞ്ഞു നോക്കിയെങ്കിലും ആർക്കും ഒന്നും മനസിലായില്ല.

ഒടുവിൽ ആംഗ്യഭാഷയെക്കാൾ നല്ലൊരു ഭാഷ മറ്റൊന്നുമില്ലാ എന്ന് തിരിച്ചറിഞ്ഞ മാതാവ് ഇടത് കൈ കൊണ്ട് കുഞ്ഞിനെ മാറോടണച്ച് വലത് കൈ കൊണ്ട് മുദ്രകൾ കാണിച്ച് തുടങ്ങി. എന്നിട്ടും ഫലം മാഫി! ഇതിനിടയിൽ ആംഗ്യഭാഷയ്ക്ക് ഒരു കൈ മാത്രം പോരാ എന്ന സത്യവും ആ മാതൃഹൃദയം മനസിലാക്കി.

ഒരു നഗരത്തിൽ, ആൾക്കൂട്ടത്തിൽ തനിയെ അകപ്പെട്ട് പറയുന്നതൊന്നും മനസിലാക്കാൻ കഴിയാത്ത ഒരു സമൂഹത്തിനു് മുമ്പിൽ പകച്ച് നിൽക്കുക എന്ന അവസ്ഥ ലോകത്തൊരാൾക്കും അനുഭവിക്കേണ്ടി വരരുതേ എന്ന് അവർ പ്രാർത്ഥിക്കുകയും ചെയ്‌തു.

അല്പം കഴിഞ്ഞപ്പോൾ മഹാഭാഗ്യം ഒരു മലയാളി നഴ്സിന്റെ രൂപത്തിൽ അവിടെ അവതരിക്കുകയും മരുഭൂമിയിൽ ദാഹിച്ച് വലഞ്ഞ് നിന്നപ്പോൾ മരുപ്പച്ച കണ്ട പോലെ അവരോട് വിവരങ്ങൾ ധരിപ്പിക്കുകയും ചെയ്‌തു.

അതേ സമയം ഒരു ബോഗി മുഴുവനും സേർച്ചിംഗ് കഴിഞ്ഞപ്പോൾ, തന്റെ ഭാര്യയും കുഞ്ഞും അബ്‌സ്കോണ്ടിംഗ് എന്ന സത്യം മനസിലാക്കി ഒരു നിമിഷം തലയിൽ കൈവെച്ച് അവിടെയിരുന്ന ജവാന്റെ പിന്നിടുള്ള നീക്കങ്ങൾ വളരെ പെട്ടെന്ന് ആയിരുന്നു.

അതായത് കുറച്ച് ദൂരം ട്രെയിൻ ഓടിക്കഴിഞ്ഞിട്ടുണ്ടായിരുന്നെങ്കിലും തെരച്ചിൽ മതിയാക്കി ജയന്റെ സ്റ്റൈലിൽ ചങ്ങല പിടിച്ച് ഒരു വലിയായിരുന്നു, ട്രെയിൻ സാവധാനം നിശ്ചലമായി.

അപ്പോഴേയ്ക്കും ട്രെയിൻ നിന്നതുൾപ്പെടെയുള്ള കാര്യങ്ങൾ മനസിലാക്കിയ സ്റ്റേഷൻ ജീവനക്കാർ റെയിൽ പാളത്തിലെ റിപ്പയർ വർക് നോക്കാനായി ഓടിച്ച് പോകുന്ന ആ പെട്ടിക്കൂട് പോലുള്ള വണ്ടിയിൽ അമ്മയെയും കുഞ്ഞിനെയും ഇരുത്തി ട്രെയിൻ കിടക്കുന്ന സ്ഥലത്തേയ്ക്ക് യാത്രയായി.

ഇലക്ഷൻ ജയിച്ച് വരുന്ന രാഷ്ട്രീയനേതാവിനെ പോലെ തുറന്ന വാഹനത്തിൽ പാളത്തിലൂടെ പോകുമ്പോൾ എന്തുകൊണ്ട് ട്രെയിൻ നിറുത്തി എന്നറിയുവാനായി മിക്കവാറും യാത്രക്കാർ പുറത്തിറങ്ങിയും വാതിൽകമ്പിയിൽ തൂങ്ങിയും നോക്കി നിൽക്കുകയായിരുന്നു.

കണവനെ കണ്ടു, സന്തോഷം പങ്കു വെച്ചു. ഇൻഡ്യൻ റെയിൽവേയോടും ജീവനക്കാരോടും ആ നാട്ടുകാരോടും അവർ കുടുംബസമേതം നന്ദി പറഞ്ഞു. ഒപ്പമുണ്ടായിരുന്നവരോട് യത്രാപരിപാടിക്കിടയിൽ തടസം നേരിട്ടതിൽ ഖേദവും പ്രകടിപ്പിച്ചു.

ഒടുവിൽ കാര്യം മനസിലാക്കി അവിടെ നിന്നവരും ബോഗിയിലുള്ളവരുമെല്ലാം ഒരുമിച്ച് സന്തോഷത്തോടെ യാത്ര തുടർന്നു.