2009, മേയ് 10, ഞായറാഴ്‌ച

മാതൃദിനം

**************

എന്റെ ഭാര്യ ഒരാഴ്ചയായി ഉറങ്ങാൻ കിടക്കുന്നത് പുലർച്ചെ അഞ്ചു മണിയാകുമ്പോഴാണ്‌. ദിവസം ഒന്നോ രണ്ടോ മണിക്കൂർ മാത്രമാണു ഇപ്പോൾ ഉറങ്ങുന്നത്‌. നാലു മാസം പ്രായമുള്ള രണ്ടാമത്തെ മോൾ നിറുത്താതെ കരച്ചിലാണെപ്പോഴും. മിക്കവാറും ആശുപത്രിയിലും കൊണ്ട്‌ പോകുന്നുണ്ട്‌. മരുന്ന് കൊടുക്കുന്നുണ്ടെങ്കിലും കരച്ചിലിന്‌ ഒരു കുറവുമില്ല.

ജോലിക്ക്‌ വരേണ്ടത്‌ കാരണം എനിക്കു ഉറങ്ങാതിരിക്കാനും വയ്യ.

ഒരു സഹപ്രവർത്തകൻ ഈയിടെ വളരെ സങ്കടത്തോടെ പറഞ്ഞതാണിത്‌. ഒപ്പം ഇതും കൂടി പറഞ്ഞു

ചെറു പ്രായത്തിൽ നമ്മുടെ അമ്മയും ഇതുപോലെ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ടാകും, അല്ലേ?
**************എല്ലാ അമ്മമാർക്കും "മാതൃദിനാശംസകൾ"

2009, മേയ് 9, ശനിയാഴ്‌ച

പുകവലിക്കാത്തവർക്കും.....

ടീനേജ് കാലഘട്ടത്തിന്റെ അവസാന എപ്പിസോഡുകൾ ഓടിക്കൊണ്ടിരുന്ന നാളുകളിലൊന്നിലാണ് ശംഖുമുഖം കടപ്പുറത്ത്‌ വെച്ച് അസ്‌തമയ സൂര്യനെ സാക്ഷിനിറുത്തി 'മൂട്ടിൽ പഞ്ഞിയില്ലാത്ത' പനാമ വലിച്ച് കൊണ്ട് സംഭവബഹുലമായ ഒരു പുകവലി ജീവിതത്തിന് ‘ഞങ്ങ‘ തുടക്കം കുറിക്കുന്നത്.

ഓൾസെയ്ന്റ്സിനടുത്തുള്ള ബന്ധുവീട് സന്ദർശനാർത്ഥം അവിടെ എത്തിപ്പെട്ടതാണ്. അന്നൊക്കെ എവിടെ നിന്ന്‌ വേണമെങ്കിലും വലിക്കാമല്ലോ, പോരാത്തതിന് എൺപതുകളിലും തൊണ്ണൂറുകളുടെ ആദ്യവുമൊക്കെ വലി പലർക്കും ഒരു സ്റ്റൈലും ഫാഷനുമൊക്കെ ആയിരുന്നു താനും.

കുറഞ്ഞ കാലം കൊണ്ട്‌ പുകവലിയിൽ ഹെവി ലൈസൻസ്‌ എടുത്ത എന്റെ സമപ്രായക്കാരൻ മച്ചുനിയന്റെ 'ഇളുത്ത്‌' വലിച്ചാൽ ഓരോ നാഡി ഞരമ്പുകളിലും പൗരുഷം ത്രസിച്ച്‌ നിൽകുമെന്ന ഉറപ്പിന്റെ പിൻ‌ബലത്തിലായിരുന്നു ആദ്യ വിക്ഷേപണം.

അന്ന്‌ ‘ഇളുപ്പിന്റെ’ ശക്തി അല്പം കൂടിപ്പോയതിനാൽ തല ചുറ്റി, മണലിൽ കുറെ നേരം മലർന്ന് കിടന്ന്‌ റെസ്റ്റ് ചെയ്യേണ്ടി വന്നു വെന്ന്‌ മാത്രം!

എന്തായാലും നല്ല രാശിയുള്ള വലിയായിരുന്നു അന്നത്തേത്. പിന്നീട് തിരിഞ്ഞ്‌ നോക്കേണ്ടി വന്നിട്ടില്ല.

കാലചക്രം കറങ്ങുന്നതിനനുസരിച്ച്‌ വലിയുടെ അളവിൽ ഗണ്യമായ മാറ്റം വന്നു കൊണ്ടിരുന്നു. ആദ്യമൊക്കെ ആഴ്‌ചയിൽ ഒന്നോ രണ്ടോ ഒക്കെ വലിച്ചിരുന്നത്‌ രണ്ടു-മൂന്ന് വർ‌ഷത്തിനുള്ളിൽ ദിവസം 10 എണ്ണം വരെ ആകുകയും ഗൾഫിലെത്തിയപ്പോൾ 15 - 20 എന്ന റേഞ്ചിലെത്തുകയും ചെയ്തു.

വളരെവേഗം തന്നെ പുകവലി ഒരു ശീലം എന്നതിനെക്കാൾ ഒരു സ്വഭാവമായി മാറി.

ഇങ്ങനെ വലിച്ചാൽ “നീ കൂമ്പു വാടി ചാവൂടാ OR അറാവെലയ്ക്ക്‌ ചാവൂടാ“ എന്നൊക്കെ വേണ്ടപ്പെട്ടവരെല്ലം എപ്പോഴും സ്നേഹത്തോടെ ഓർമപ്പെടുത്തിയിരുന്നു.

ആരെല്ലാം എന്തെല്ലാം പറഞ്ഞാലും നിറുത്തുന്നതിനെക്കുറിച്ച്‌ ചിന്തിക്കാൻ പോലും കഴിയുന്നില്ല. ഡിസംബർ 31-ന് വലി നിറുത്തിയെന്ന് പ്രതിജ്ഞ ചെയ്‌തിട്ട് ജനുവരി ഒന്നിന് പൂർവാധികം ശക്തമായ നിലയിൽ പുനരാരംഭിക്കുന്ന സുഹ്രുത്തുക്കളോടൊപ്പം ചേർന്ന് വെറുതെയൊന്ന് ശപഥം ചെയ്യാൻ പോലും ഒരിക്കലും തോന്നിയില്ല.

പത്രത്തിലും ചില വാരികകളിലും വരുന്ന പുകവലിയുടെ ദോഷങ്ങളെക്കുറിച്ച്‌ വായിക്കുമ്പോൾ, ഹൊ, ഇങ്ങനെയൊരു ശീലം തുടങ്ങേണ്ടിയിരുന്നില്ല എന്നു് ഒരല്പ നേരത്തേയ്ക്ക് തോന്നും. ആ ചിന്തയ്ക്കിടയിലും ഒരെണ്ണം കൊളൂത്തിയിട്ടുണ്ടാകും.

ഉണർന്നെഴുന്നീറ്റു കഴിഞ്ഞാൽ ഉടൻ ഒരു ചായ, എന്നിട്ടു ഒരു സിഗരറ്റ്‌, എന്നാൽ മാത്രമെ നേരം പുലർന്നതായി പോലും തോന്നാറുള്ളൂ. പിന്നെ പ്രഭാതകർമ്മൾക്ക് മുമ്പു് ഒരെണ്ണം നിർബന്ധം, ഇല്ലെങ്കിൽ ഒന്നിലും ഒരു സാറ്റിസ്ഫാക്ഷൻ ഉണ്ടാകത്തില്ല.

ഇങ്ങനെ സർവം പൊഹമയം ആക്കി ജീവിച്ച് വരുന്നതിനിടെ പല പ്രാവശ്യം ഡോക്‌ടർമാരുടെ തെറിവിളി കേൾക്കേണ്ടതായും വന്നിട്ടുണ്ട്. അതിലൊന്ന് ഒരിക്കൽ അടച്ചിട്ട മുറിയിലിരുന്ന് വലിച്ചതിനായിരുന്നു. വായു സഞ്ചാരമില്ലാത്ത മുറിയിൽ ഇരുന്ന്‌ ഒരെണ്ണം വലിച്ചാൽ അവിടെ പുക തങ്ങി നിന്ന് പത്ത് സിഗരറ്റ്‌ വലിക്കുന്നതിന്റെ ദൂഷ്യം ഉണ്ടാകുമത്രെ. പോരാത്തതിന് ആ മുറിയിൽ വലിക്കാത്ത ആരെങ്കിലും ഉണ്ടെങ്കിൽ അവരും പുക വലിക്കുന്ന ആളിനു കിട്ടുന്ന അതേ ദോഷങ്ങൾ അനുഭവിക്കേണ്ടിയും വരും. അതിന് ശേഷം വീട്ടിനുള്ളിലിരുന്നുള്ള വലി ഒഴിവാക്കി. എന്തിനാ വെറുതെ മറ്റുള്ളവരെക്കൂടി രോഗികളാക്കുന്നത്?

പതിനഞ്ച് വർ‌ഷങ്ങൾക്ക് ശേഷമാണ് ഇത് നിറുത്താൻ ശ്രമിച്ച് നോക്കിയാലോ എന്നു് വിചാരിക്കുന്നത്. വില കൂടുന്നത് കൊണ്ടോ, ഡോകടർമാരുടെ ചീത്തവിളി മുടങ്ങാതെ കേൾക്കുന്നത് കൊണ്ടൊ അല്ല.

എന്നെങ്കിലുമൊരിക്കൽ ഇതു നിറുത്തേണ്ടി വരുമെന്നത്‌ യാഥാർത്ഥ്യം. എന്തെങ്കിലും ഗുരുതരമായ അസുഖത്തിൽ ഇത് കൊണ്ടെത്തിക്കുമെന്നുള്ളതും ഉറപ്പ്‌.

നിറുത്തുക എന്നത്‌ തന്നെ ബുദ്ധിമുട്ടേറിയ കാര്യം, ഒപ്പം എന്തെങ്കിലും അസുഖം വന്നിട്ട് ആകുമ്പോൾ അതിന്റെ കഷ്‌ടപ്പാടുകൾ വേറെയും. അത് കൊണ്ട് മാത്രം ശ്രമിച്ച് നോക്കമെന്ന്‌ വിചാരിച്ചു.

മാത്രവുമല്ല, നല്ലൊരു വലിയനായിരുന്നിട്ട് പൂർണമായും ഒഴിവാക്കിയ ഒരു സുഹ്രുത്തിന്റെ താഴെക്കാണുന്ന ചില നിർ‌ദേശങ്ങളും കേട്ടപ്പോൾ ഒന്ന് ട്രൈ ചെയ്യാമെന്ന്‌ തോന്നി.

1. ആദ്യമായി പുകവലി നിറുത്തുവാനുള്ള ആഗ്രഹം അല്പമെങ്കിലും മനസിൽ ഉണ്ടോ എന്ന് നോക്കുക. ഉണ്ടെങ്കിൽ അതിനായി ശ്രമിക്കാമെന്ന്‌ മാത്രം കരുതുക. നിറുത്താമെന്നല്ല !!

2. അടുത്തതായി, ഇപ്പോൾ വലിച്ച് കൊണ്ടിരിക്കുന്ന സിഗരറ്റിന്റെ ബ്രാന്റ് മാറ്റുക. ഒരു ബ്രാന്റ് മാത്രം വലിക്കാതെ തീരെ വിലകുറഞ്ഞതും കൂടിയതും ഒക്കെ മാറി മാറി വാങ്ങി വലിച്ച് നോക്കുക. അപ്പോൾ സ്ഥിരമായ ഒരു രുചി മാറുകയും പൊതുവെ ഒരു താൽപര്യക്കുറവ്‌ വരികയും ചെയ്യും. പിന്നെ ഒരു കാരണവശാലും നമുക്കേറ്റവും ഇഷ്‌ടപ്പെട്ട സിഗരറ്റ്‌ വാങ്ങരുത്. (ഇനി ബീഡിയാണ് ശീലമെങ്കിലും ഒരു ചെയ്‌ഞ്ചു് ആകാം).

3. കുറെ ദിവസങ്ങൾ അങ്ങനെ കഴിഞ്ഞാൽ, പിന്നെ കയ്യിൽ ഒരു സിഗരറ്റ്‌ മാത്രം കരുതുക. എത്രത്തോളം സമയം വലിക്കാതെ പിടിച്ച്‌ നിൽക്കാൻ കഴിയുമെന്ന്‌ ട്രൈ ചെയ്ത് നോക്കുക. ഒരു വലിക്കാരന്റെ മനസിന്റെ ശക്തി അപ്പോൾ മനസിലാകും. തീരെ നിവൃത്തിയില്ലെങ്കിൽ മാത്രം അതു കൊളുത്തുക.

4. ഈ ദിവസങ്ങളിൽ കുറച്ച് കുരുമുളക് എപ്പോഴും കൊണ്ട് നടക്കുക. വല്ലാതെ വലിക്കാൻ തോന്നുമ്പോൾ ഒന്നുരണ്ടെണ്ണമെടുത്ത് കൊറിച്ചാൽ അതിന്റെ എരിവിൽ മറ്റേ ആസക്‌‌തി കുറെ നേരത്തേയ്ക്ക് മാറിക്കിട്ടും.

5. അല്ലെങ്കിൽ ആ സമയം മധുരം കുറച്ച് ഒരു കട്ടൻ ചായ കുടിക്കാവുന്നതാണ്. (ചായ ആരോഗ്യത്തിന് നല്ലതാണെന്നല്ല, എങ്കിലും പുകവലി കുറയ്ക്കാൻ ശ്രമിക്കുമ്പോൾ തൽകാലം കുറെ ദിവസത്തേക്ക്).

കുറച്ച് ബുദ്ധിമുട്ടുണ്ടായിരുന്നെങ്കിലും ഇതുപോലെ ‘നുമ്മ’ ഒരാഴ്ചയോളം കഴിഞ്ഞു. എന്നിട്ടൊരു ദിവസം രാവിലെ ഒരു ഹെവി ബ്രേക്ക്‌‌ഫാസ്‌റ്റ് ഒക്കെ കഴിഞ്ഞ്, ഒരെണ്ണം വലിച്ചിട്ട് ഓഫീസിലെത്തി. പിന്നെ വലിക്കാതെ എത്രത്തോളം സമയം ഇരിക്കാൻ പറ്റുമെന്ന്‌ നോക്കി. ഉച്ചയൂണ് കഴിഞ്ഞപ്പോഴേക്കും വലിക്കാനുള്ള മോഹം കലശലായി. ഒരു സിഗരറ്റ്‌ കൈവശമുണ്ടായിരുന്നെങ്കിലും അന്ന്‌ പിടിച്ച്‌ നിൽക്കുവാൻ തന്നെ ഉറപ്പിച്ചു. വീട്ടിലെത്തി, രാത്രി പതിവിലും നേരത്തേ കിടന്നുറങ്ങി.

പിറ്റേന്ന് രാവിലെ വലിക്കണമെന്ന്‌ തോന്നിയെങ്കിലും വലിക്കുന്നതിന്‌ പകരം രണ്ട്‌ ചായ കൂടി കുടിച്ചു.

ജോലിക്കെത്തിയപ്പോൾ എല്ലാവരോടും വല്ലാത്ത ദേഷ്യം തോന്നുന്നു. വായും ചുണ്ടും വലിഞ്ഞ് മുറുകും പോലെ, കുറെ കഴിയുമ്പോൾ എല്ലാം ശാന്തമാകും. പിന്നെയും കുറെ കഴിയുമ്പോൾ വീണ്ടും വലിഞ്ഞ് വലിഞ്ഞ് വരുമ്പോലെ തോന്നും.

ഇത്ര നാളും നമ്മൾ സിഗരറ്റ് വലിക്കുക എന്നതിനെക്കൾ സിഗരറ്റ് നമ്മളെ വലിക്കുകയായിരുന്നല്ലോ ചെയ്തിരുന്നത് എന്നോർത്തപ്പോൾ എന്തായാലും ഒരു ദിവസം കൂടി വലിക്കില്ല എന്നു തന്നെ ഉറപ്പിച്ചു.

രണ്ട് ദിവസമൊക്കെ വലിക്കാതിരിക്കാൻ കഴിഞ്ഞപ്പോ‍ൾ വീണ്ടും ഒന്നു രണ്ട് ദിവസം കൂടി ശ്രമിച്ച് നോക്കിയാലെന്തെന്നായി.

അങ്ങനെയങ്ങനെ, ക്രമേണ വലിക്കാനുള്ള ആഗ്രഹം കുറഞ്ഞ്‌ കുറഞ്ഞ് വന്നു. ആ നാളുകളിലായിരുന്നു, വലിച്ചില്ലെങ്കിലും ദൈനംദിന ജീവിതത്തിൽ ഒരു പ്രശ്‌നവുമില്ലെന്നും മാത്രവുമല്ല ഗുണങ്ങൾ ഒരുപാടുണ്ടെന്നും തിരിച്ചറിഞ്ഞത്.

അങ്ങനെ പുക വലിച്ചിട്ട് ഇപ്പോൾ രണ്ട് വർഷമാകുന്നു.

ഒരു പക്ഷെ, മിക്ക വലിക്കാരും ഉള്ളിന്റെയുള്ളിൽ ഈ ശീലം നിറുത്തണമെന്ന്‌ ആഗ്രഹിക്കുന്നുണ്ടാകാം. നിറുത്തിയില്ലെങ്കിലും ആർക്കും നിറുത്താനായി ഒരു തയ്യാറെടുപ്പ്‌ നടത്തി നോക്കാവുന്നതേയുള്ളൂ.

വർഷം തോറും ലക്ഷക്കണക്കിനാളുകൾ പുകവലി മൂലം മരണപ്പെടുന്നു, രോഗികളായി മാറുന്നു. ജീവിതത്തിൽ ഒരിക്കൽ പോലും വലിച്ചിട്ടില്ലാത്തവരും മറ്റുള്ളവർ പുറത്തേയ്ക്കു ഊതിവിടുന്ന പുക ശ്വസിച്ച് രോഗികളായി മാറുന്നു. മുതിർന്നവർ വലിക്കുന്നത് അടുത്ത് നിൽക്കുന്ന കുട്ടികളെയും ഗുരുതരമായി ബാധിക്കുന്നു. ഇതെല്ലാം അറിയാമെങ്കിലും എന്തുകൊണ്ടോ ഈ ശീലം ഒഴിവാക്കാൻ പലർക്കും കഴിയുന്നില്ല.

പക്ഷെ, ഒരു ശ്രമം ആർക്കും നടത്തി നോക്കാവുന്നതാണ്.

മേയ്‌ 31, ലോക പുകയില വിരുദ്ധദിനമാണല്ലോ. മിക്കവാറും എല്ലാ വലിയന്മാരും വലിച്ചികളും തന്റെ പുകവലിയെക്കുറിച്ച്‌ അല്പമെങ്കിലും ചിന്തിക്കാൻ സാധ്യതയുള്ള ദിവസം.

ഇതു വായിക്കേണ്ടി വന്നവർ, ഈ ശീലമുണ്ടെങ്കിൽ, വരുന്ന പുകയില വിരുദ്ധദിനത്തിന് മുമ്പായി പുകവലി നിറുത്താൻ കഴിയുമോ എന്ന് ദയവായി ഒന്ന് ശ്രമിച്ച് നോക്കുക.

നഷ്ടപ്പെടാനൊന്നുമില്ല, പക്ഷെ, നേടാൻ പലതുമുണ്ട്. സത്യം!