2009, ജൂൺ 16, ചൊവ്വാഴ്ച

കൂകിപ്പായും തീവണ്ടി

1970-കളിലെ മഞ്ഞുള്ള ഒരു പ്രഭാതത്തിൽ പഞ്ചാബിലെ പട്യാലയിലെ മിലിട്ടറി ക്യാമ്പിലേക്ക് പോകാനാണ് ഒരു മലയാളി ജവാൻ തന്റെ ഭാര്യയും ഒന്നരവയസുള്ള മകനുമായി തിരുവനന്തപുരം ജില്ലയിലെ ഒരു ഗ്രാമത്തിൽ നിന്നും യാത്ര തിരിച്ചത്.

ജീവിതത്തിൽ ആദ്യമായാണ് മണ്ണ് ചവിട്ടിക്കുഴച്ച് കെട്ടിയുയർത്തിയ കുറെ ഓലപ്പുരകളും ചെമ്മൺ നടപ്പാതകളുമുള്ള വൈദ്യുതി എത്തിനോക്കിയിട്ടില്ലാത്ത തന്റെ കുഗ്രാമത്തിലെ താളിമാവുകളോടും, താഴമ്പൂക്കളൊടും, ചെറുതോടുകളോടും വയലേലകളോടും പറങ്കിമാവുകളൊടും, മൊട്ടക്കുന്നുകളൊടും ഒക്കെ ഗുഡ്‌ബൈ പറഞ്ഞു ആ ഇരുപതുകാരി അമ്മ ഒരു ദൂരയാത്രയ്ക്ക് ഒരുങ്ങുന്നത്.

ഒപ്പം കൊണ്ട് പോയ മാങ്ങ അച്ചാറ്, അരിമാവ്, മുളക് പൊടി, മല്ലിപ്പൊടി തുടങ്ങിയ സകലമാന പലവ്യജ്ഞനങ്ങളൂം, ചീനി മാവ്‌ (അവലോസ് പൊടി), അവലോസുണ്ട, അരിമുറുക്ക്, അച്ചപ്പം ആറ്റിങ്ങലെ ‘ഗംങ്ങാരൻ‘ വൈദ്യന്റെ പലവിധത്തിലുള്ള തൈലങ്ങൾ, കഷായങ്ങൾ, ധാന്വന്തരം കുഴമ്പ്, കുളിച്ചിട്ട് തലയിൽ തടകാൻ രാസ്‌നാദിപ്പോടി തുടങ്ങി ഉപ്പ് തൊട്ട് കർപ്പൂരം വരെ അന്നത്തെ ഒരു കുടുബജീവിതം കെട്ടിപ്പടുക്കുവാൻ വേണ്ട സകല സാമഗ്രികളും അടങ്ങിയ ആറേഴ് പെട്ടികളും ആയാണ് കടയ്കാവൂർ റയിൽവേ സ്റ്റേഷനിൽ നിന്നും കൽക്കരിവണ്ടി കയറിയത്.

അകലെ, വേഗത്തിൽ നീങ്ങിമാറുന്ന തെങ്ങുകളെയും വയലുകളെയും കായലുകളെയും പിന്നിലാക്കി തീവണ്ടിയുടെ ചിന്നംവിളിയുടെ അകമ്പടിയോടെ അഞ്ച് ദിവസത്തേയ്ക്കുള്ള ഒരു യാത്രയുടെ തുടക്കമായിരുന്നു അത്.

രണ്ട് ദിവസമൊക്കെ കഴിഞ്ഞ് പേരറിയാത്ത ഏതൊ ഒരു നാടിലൂടെ ട്രെയിൻ ഓടിക്കൊണ്ടിരിക്കുമ്പോൾ, ഉച്ചനേരത്ത് എങ്ങനെയോ കുഞ്ഞ് വാതിലിനടുത്തേയ്ക്ക് പോയി. ചെറുമയക്കത്തിലായിരുന്ന മാതാവ് ഞെട്ടിയുണർന്ന് നോക്കുമ്പോൾ കുട്ടി വാതിലിനടുത്ത് എത്തിക്കഴിഞ്ഞിരുന്നു.


ഒരു നിമിഷം ആകെ അന്ധാളിച്ചുപോയ അവർ നൊടിയിടയിൽ ഓടിവന്ന് കുഞ്ഞിനെ കോരിയെടുത്തു.

അല്പം കൂടി വൈകിയിരുന്നെങ്കിൽ, ആ സമയം കുഞ്ഞിനെ എടുത്തിട്ടില്ലായിരുന്നെങ്കിൽ ‘അന്ന്യൻ’ സിനിമയിൽ അവസാന സീനിൽ വിക്രം കാണിക്കുന്ന ‘അക്രമ’ത്തിൽ ഒരാൾ ട്രെയിനിൽ നിന്നും താഴേക്ക് വീഴുമ്പൊലെ ആ കുഞ്ഞും വീണുപോകേണ്ടതായിരുന്നു. ഭാഗ്യം! അതുണ്ടായില്ല.

പിന്നെ പാലങ്ങളിലെ മുഴക്കത്തെയും തുരങ്കങ്ങളിലെ ഇരുട്ടിനെയും നിശബ്ദതയെയും പേടിച്ച് അങ്ങനെ, ചെറിയ ഡിസ്പോസിബിൾ മൺപാത്രത്തിലെ ചായയൊക്കെ കുടിച്ച് അവർ യാത്ര തുടർന്നു.

ഒടുവിൽ പഞ്ചാബിന്റെ ബോർഡറിനടുത്തുള്ള ‘അംബാല‘ എന്ന സ്ഥലത്തെത്തി, സ്റ്റേഷനിൽ പെട്ടികളെല്ലാം കൂട്ടിയിട്ട് അവിടെ കുറെ നേരം റെസ്റ്റ് ചെയ്തു. എന്തുകൊണ്ടെന്നാൽ അവിടെ നിന്നും മറ്റൊരു ട്രെയിനിലാണ് പിന്നെ യാത്ര ചെയ്യേണ്ടത്.

അല്പനേരം മാത്രമെ തങ്ങൾക്കുള്ള ട്രെയിൻ അവിടെ നിറുത്തുകയുള്ളൂ എന്നും അതിനാൽ ട്രെയിൻ വന്നാലുടൻ തന്നെ സാധനങ്ങളെല്ലാം കയറ്റേണ്ടതു കൊണ്ട് തൊട്ടടുത്ത വാതിലിലൂടെ കുഞ്ഞിനെയും കൊണ്ടു വണ്ടിയിൽ കയറിക്കൊള്ളണമെന്ന്‌ കണവൻ പറഞ്ഞ് പഠിപ്പിച്ചിരുന്നു.

പോകേണ്ട ട്രെയിൻ അടുത്തെത്തിയപ്പോഴേക്കും കുഞ്ഞ് ശക്തമായ നിലയിൽ നിലവിളിയും തുടങ്ങി. വളരെ തിരക്കുള്ള സമയമായതിനാൽ പട്ടാളം എത്രയും വേഗം തന്റെ ‘സ്ഥാവരജംഗമ’ വസ്തുക്കൾ തീവണ്ടിയിലേക്ക് എടുത്ത് കയറ്റുന്ന ശ്രദ്ധയിലുമായിരുന്നു.

കുട്ടിയെ വാ….വൊ…. എന്നൊക്കെ പറഞ്ഞ് ആശ്വസിപ്പിക്കുന്നതിനിടെ ട്രെയിൻ മെല്ലെ നീങ്ങിത്തുടങ്ങി. ഒപ്പം നടന്നെങ്കിലും വേഗത കൂടിത്തുടങ്ങിയതിനാൽ കയറാൻ കഴിഞ്ഞില്ല. അങ്ങനെ അമ്മയും കുഞ്ഞും പുറത്തും പിതാവ്‌ അകത്തുമായി.

പറഞ്ഞതനുസരിച്ച് കയറിയിട്ടുണ്ടാകുമെന്ന് കരുതി ജവാൻ തന്റെ പെട്ടികളെല്ലം സീറ്റിനടിയിലും മറ്റുമൊക്കെ ഒതുക്കി വെച്ചിട്ട് കുഞ്ഞിനെ കിടത്താൻ തടിസീറ്റിൽ ഒരു ബെഡ്‌ഷീറ്റ് ഒക്കെ വിരിച്ചിട്ട് നോക്കുമ്പോൾ തള്ളയുമില്ല, പുള്ളയുമില്ല.

ആ ബോഗി മുഴുവനും ഓടിനടന്ന് സേർച്ച് ചെയ്ത് കൊണ്ടിരിക്കുമ്പോൾ ഇവിടെ സ്റ്റേഷനിൽ പേടിച്ചരണ്ട് പച്ച മലയാളത്തിൽ വാമഭാഗം ശബ്ദം കുറച്ചും കുഞ്ഞ്‌ വോളിയം കൂട്ടിയും കരയുകയായിരുന്നു.

മലയാളം അറിയാവുന്നവർ ആരും തന്നെ അപ്പോൾ ആ ഏരിയായിൽ ഉണ്ടായിരുന്നില്ല.

കടുകെണ്ണയുടെ മണമുള്ള ആ അന്തരീക്ഷത്തിൽ ചിലർ വന്ന് “ക്യാ ഹുവാ“ എന്നൊക്കെ ചോദിച്ച് കൊണ്ടിരുന്നെങ്കിലും “വണ്ടി പോയി“ എന്നൊക്കെ പറഞ്ഞു നോക്കിയെങ്കിലും ആർക്കും ഒന്നും മനസിലായില്ല.

ഒടുവിൽ ആംഗ്യഭാഷയെക്കാൾ നല്ലൊരു ഭാഷ മറ്റൊന്നുമില്ലാ എന്ന് തിരിച്ചറിഞ്ഞ മാതാവ് ഇടത് കൈ കൊണ്ട് കുഞ്ഞിനെ മാറോടണച്ച് വലത് കൈ കൊണ്ട് മുദ്രകൾ കാണിച്ച് തുടങ്ങി. എന്നിട്ടും ഫലം മാഫി! ഇതിനിടയിൽ ആംഗ്യഭാഷയ്ക്ക് ഒരു കൈ മാത്രം പോരാ എന്ന സത്യവും ആ മാതൃഹൃദയം മനസിലാക്കി.

ഒരു നഗരത്തിൽ, ആൾക്കൂട്ടത്തിൽ തനിയെ അകപ്പെട്ട് പറയുന്നതൊന്നും മനസിലാക്കാൻ കഴിയാത്ത ഒരു സമൂഹത്തിനു് മുമ്പിൽ പകച്ച് നിൽക്കുക എന്ന അവസ്ഥ ലോകത്തൊരാൾക്കും അനുഭവിക്കേണ്ടി വരരുതേ എന്ന് അവർ പ്രാർത്ഥിക്കുകയും ചെയ്‌തു.

അല്പം കഴിഞ്ഞപ്പോൾ മഹാഭാഗ്യം ഒരു മലയാളി നഴ്സിന്റെ രൂപത്തിൽ അവിടെ അവതരിക്കുകയും മരുഭൂമിയിൽ ദാഹിച്ച് വലഞ്ഞ് നിന്നപ്പോൾ മരുപ്പച്ച കണ്ട പോലെ അവരോട് വിവരങ്ങൾ ധരിപ്പിക്കുകയും ചെയ്‌തു.

അതേ സമയം ഒരു ബോഗി മുഴുവനും സേർച്ചിംഗ് കഴിഞ്ഞപ്പോൾ, തന്റെ ഭാര്യയും കുഞ്ഞും അബ്‌സ്കോണ്ടിംഗ് എന്ന സത്യം മനസിലാക്കി ഒരു നിമിഷം തലയിൽ കൈവെച്ച് അവിടെയിരുന്ന ജവാന്റെ പിന്നിടുള്ള നീക്കങ്ങൾ വളരെ പെട്ടെന്ന് ആയിരുന്നു.

അതായത് കുറച്ച് ദൂരം ട്രെയിൻ ഓടിക്കഴിഞ്ഞിട്ടുണ്ടായിരുന്നെങ്കിലും തെരച്ചിൽ മതിയാക്കി ജയന്റെ സ്റ്റൈലിൽ ചങ്ങല പിടിച്ച് ഒരു വലിയായിരുന്നു, ട്രെയിൻ സാവധാനം നിശ്ചലമായി.

അപ്പോഴേയ്ക്കും ട്രെയിൻ നിന്നതുൾപ്പെടെയുള്ള കാര്യങ്ങൾ മനസിലാക്കിയ സ്റ്റേഷൻ ജീവനക്കാർ റെയിൽ പാളത്തിലെ റിപ്പയർ വർക് നോക്കാനായി ഓടിച്ച് പോകുന്ന ആ പെട്ടിക്കൂട് പോലുള്ള വണ്ടിയിൽ അമ്മയെയും കുഞ്ഞിനെയും ഇരുത്തി ട്രെയിൻ കിടക്കുന്ന സ്ഥലത്തേയ്ക്ക് യാത്രയായി.

ഇലക്ഷൻ ജയിച്ച് വരുന്ന രാഷ്ട്രീയനേതാവിനെ പോലെ തുറന്ന വാഹനത്തിൽ പാളത്തിലൂടെ പോകുമ്പോൾ എന്തുകൊണ്ട് ട്രെയിൻ നിറുത്തി എന്നറിയുവാനായി മിക്കവാറും യാത്രക്കാർ പുറത്തിറങ്ങിയും വാതിൽകമ്പിയിൽ തൂങ്ങിയും നോക്കി നിൽക്കുകയായിരുന്നു.

കണവനെ കണ്ടു, സന്തോഷം പങ്കു വെച്ചു. ഇൻഡ്യൻ റെയിൽവേയോടും ജീവനക്കാരോടും ആ നാട്ടുകാരോടും അവർ കുടുംബസമേതം നന്ദി പറഞ്ഞു. ഒപ്പമുണ്ടായിരുന്നവരോട് യത്രാപരിപാടിക്കിടയിൽ തടസം നേരിട്ടതിൽ ഖേദവും പ്രകടിപ്പിച്ചു.

ഒടുവിൽ കാര്യം മനസിലാക്കി അവിടെ നിന്നവരും ബോഗിയിലുള്ളവരുമെല്ലാം ഒരുമിച്ച് സന്തോഷത്തോടെ യാത്ര തുടർന്നു.

41 അഭിപ്രായങ്ങൾ:

വശംവദൻ പറഞ്ഞു...

ഓർമ്മ വെയ്ക്കുന്നതിന്നും മുന്നേയുള്ള ആദ്യ തീവണ്ടി യാത്രയുടെ ഓർമ്മയ്ക്ക്‌.

അരുണ്‍ കരിമുട്ടം പറഞ്ഞു...

ദൈവമേ, ഭാഗ്യം!!

ധനേഷ് പറഞ്ഞു...

അങ്ങനെ, റിപ്പയര്‍ വര്‍ക്കിനുപോകാനുള്ള പെട്ടിക്കൂടിലും യാത്ര ചെയ്തു അല്ലേ? ഓര്‍മ്മ ഇല്ലാത്ത പ്രായത്തിലാണെങ്കിലും.. :)

amjath riyas പറഞ്ഞു...

adi poli machan adi poli

ചെറിയപാലം പറഞ്ഞു...

നേരിയ സമാനതയിൽ ഒരനുഭവം എനിക്കുമുണ്ടായിട്ടുണ്ട് കൊച്ചായിരുന്നുപ്പോൾ... നടുക്കത്തോടെ അതോർക്കാൻ കഴിയൂ...

വായന രസമുണ്ട്.

Sabu Kottotty പറഞ്ഞു...

തീവണ്ട്യേ പോവുമ്പോ ഞമ്മള് വീടരോടും കുട്ട്യോളോടും പറേണതും ദ് തന്നാ... ങ്ങ്ന പറ്റുംന്ന്...

ശ്രീ പറഞ്ഞു...

അതേതായാലും ഭാഗ്യമായി. അങ്ങനെ ഒരു സ്ഥലത്ത് കുഞ്ഞിനെയുമായി ഒറ്റപ്പെട്ടു പോയാല്‍ കഷ്ടം തന്നെ.

Ashly പറഞ്ഞു...

ഹ ഹ ഹ....നല്ല എഴുത്ത് !!! സസ്പെന്‍സ് ഒരു വാവയുടെ രൂപത്തില്‍ ഒളിപ്പിച്ചു വച്ച് ലാസ്റ്റ് കമന്റ്‌ ആയി വന്നത് നന്നായി

poor-me/പാവം-ഞാന്‍ പറഞ്ഞു...

Less luggage more comfort1

സജി കറ്റുവട്ടിപ്പണ പറഞ്ഞു...

നന്നായിട്ടുണ്ട്

വരവൂരാൻ പറഞ്ഞു...

സുഹ്രുത്തേ അനുഭവമാണല്ലേ..അവതരണം ഇഷ്ടപ്പെട്ടു.. ഇതുപോലെ ഒരു യാത്രാനുഭവം ഞാനും ഒരിക്കൽ പറയുന്നുണ്ട്‌

വശംവദൻ പറഞ്ഞു...

അഭിപ്രായങ്ങൾ എഴുതിയ എല്ലാ കൂട്ടുകാർക്കും നന്ദി.

ramanika പറഞ്ഞു...

വായിച്ചപ്പോള്‍ കണ്‍ മുന്‍പില്‍ നടക്കുനതു പോലെ തോന്നി
ശരിക്കും നല്ലൊരു പോസ്റ്റ്‌!

ടി. കെ. ഉണ്ണി പറഞ്ഞു...

orma vekkunnathinu mumpum ormakal undaayirunnuvallo.... bhaagyam...athinaal njangalkku nalloru yaathraa vivaraNam kitti...
aashamsakal..

രാജീവ്‌ .എ . കുറുപ്പ് പറഞ്ഞു...

ഹോ പേടിപ്പിച്ചു കളഞ്ഞു, ടെന്‍ഷന്‍ ആയി പോയി, ആ മലയാളീ നേഴ്സ് വന്നില്ലായിരുന്നെങ്കില്‍,
വിവരണ ശൈലി അതി ഗംഭീരം, നേരിട്ട് ഫീല്‍ ചെയ്തു,

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

ശരിക്കുള്ളയൊരനുഭവങ്ങളുമായിട്ടുള്ള
ശരിയായിട്ടുള്ളൊരു കൂകിപ്പായുംതീവണ്ടീ...

Visala Manaskan പറഞ്ഞു...

:) വശംവദനൊരു കലക്കന്‍ ഭാഷ കയ്യിലുണ്ട്. ആശംസകള്‍!

ശ്രീഇടമൺ പറഞ്ഞു...

നല്ല എഴുത്ത്...
വായിക്കാന്‍ നല്ല ഒഴുക്ക്...
ആശംസകള്‍...
:)

സന്തോഷ്‌ പല്ലശ്ശന പറഞ്ഞു...

ഹാവു...... സന്തോഷായി......

വശംവദൻ പറഞ്ഞു...

ramaniga: നന്ദി

T. K. Unni: കേട്ടറിഞ്ഞതാണേ.....:) നന്ദി

കുറുപ്പിന്‍റെ കണക്കു പുസ്തകം: :) നന്ദി

bilatthipattanam: :) നന്ദി.

വിശാൽജി: എങ്ങനെയാ നന്ദി പറയേണ്ടതെന്നറിയില്ല. വന്നതിൽ ഒത്തിരി സന്തോഷമുണ്ട്‌.

ശ്രീഇടമൺ : നന്ദി.

സന്തോഷ്‌ പല്ലശ്ശന: വായിച്ചതിലും കമന്റിയതിലും ഞാനും സന്തോഷിക്കുന്നു.

VEERU പറഞ്ഞു...

santhoshamaayi..

Rani പറഞ്ഞു...

ആദ്യ തീവണ്ടി യാത്ര കൊള്ളാമല്ലോ ..

വായിച്ചിട്ട് തന്നെ ടെന്‍ഷന്‍ ആയി പിന്നെ അനുഭവിച്ചവരുടെ കാര്യം പറയണോ?

Sureshkumar Punjhayil പറഞ്ഞു...

Vandi kookki payatte... Manoharam... Ashamsakal...!

വശംവദൻ പറഞ്ഞു...

VEERU: നന്ദി

Rani Ajay: :) അഭിപ്രായത്തിന്‌ നന്ദി.
(ഫോൺ സൗകര്യമൊക്കെ ഉള്ള ഇക്കാലത്താണെങ്കിലും വലിയ പ്രശ്‌നം വരില്ല).

Sureshkumar Punjhayil: :) അഭിപ്രായത്തിന്‌ നന്ദി.

അനീഷ് രവീന്ദ്രൻ പറഞ്ഞു...

...ഒരു ബോഗി മുഴുവനും സേർച്ചിംഗ് കഴിഞ്ഞപ്പോൾ, തന്റെ ഭാര്യയും കുഞ്ഞും അബ്‌സ്കോണ്ടിംഗ് എന്ന സത്യം മനസിലാക്കി ഒരു നിമിഷം തലയിൽ കൈവെച്ച് അവിടെയിരുന്ന ജവാന്റെ...

വീണ്ടും തകർക്കുക. അഭിനന്ദനങ്ങൾ!

Rejeesh Sanathanan പറഞ്ഞു...

അപ്പോഴത്തെ അവസ്ഥ പൂര്‍ണ്ണമായും മനസ്സിലാക്കി തരുന്ന എഴുത്ത്......ഒരുപാട് ഇഷ്ടപ്പെട്ടു.....തുടരുക

priyag പറഞ്ഞു...

അമ്മെ ഞാന്‍ പേടിച്ചുപോയി !!!!!!!!!!!!

OAB/ഒഎബി പറഞ്ഞു...

ആ യാത്രക്ക് വശംവദനായത് താങ്കൾ തന്നെയാണെന്ന് തുടക്കത്തിലേ തോന്നി.
നല്ല എഴുത്ത്. അഭിനന്ദനങ്ങൾ

അജ്ഞാതന്‍ പറഞ്ഞു...

ഒരന്യസ്ഥലത്ത് ഒറ്റയ്ക്ക് കൈക്കുഞ്ഞുമായി അറിയാത്ത ഭാഷയുടെ നടുവില്‍ പകച്ചു നില്‍ക്കുന്ന അമ്മ... കുറച്ചുനേരമെങ്കിലും അവര്‍ അനുഭവിച്ച തീവ്രമായ ഒറ്റപ്പെടല്‍. അത് വായനക്കാരനേയും അനുഭവിപ്പിച്ചിരിക്കുന്നു...

തുടരുക.
സ്നേഹത്തോടെ.

ടിന്റുമോന്‍ പറഞ്ഞു...

രസായിട്ടുണ്ട്‌ വിവരണം. ഒരൊറ്റ സംഭാഷണം പോലുമില്ലാതെ ഇങ്ങനെയും എഴുതാം ല്ലേ..

വശംവദൻ പറഞ്ഞു...

Gowri: നന്ദി

മുണ്ഡിതശിരസ്‌കൻ: വളരെ നന്ദി.

മാറുന്ന മലയാളി: വളരെ നന്ദി.

Unnimol: ആ പേടി ഒരു അംഗീകാരമാണ്‌. വളരെ നന്ദി.

OAB: വളരെ നന്ദി.

ഷാജു: എഴുത്ത്‌ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ വളരെ സന്തോഷമുണ്ട്‌.

ടിന്റുമോൻ: വളരെ നന്ദി.

Typist | എഴുത്തുകാരി പറഞ്ഞു...

ആദ്യായിട്ടാ ഇവിടെ.അതിത്തിരി വൈകിയും പോയി.
സ്വന്തം അനുഭവമാണോ? എന്തായാലും വായിച്ചുകഴിഞ്ഞപ്പോള്‍ സന്തോഷമായി.

വശംവദൻ പറഞ്ഞു...

Typist | എഴുത്തുകാരി : വന്നതിൽ വളരെ സന്തോഷം. അതെ, സ്വന്തം അനുഭവം തന്നെയാണ്. വായിച്ചതിനും കമെന്റിയതിനും നന്ദി.

കുക്കു.. പറഞ്ഞു...

നന്നായിട്ടുണ്ട്...

:)

hi പറഞ്ഞു...

ക്ലീന്‍ ആയി ഒരു കഥ പറഞ്ഞു.. ഇഷ്ടമായി. :)

വശംവദൻ പറഞ്ഞു...

കുക്കു, അബ്‌കാരി: വന്നതിലും കമന്റിയതിലും ഒത്തിരി നന്ദിയുണ്ട്.

Prof.Mohandas K P പറഞ്ഞു...

അനുഭവങ്ങള്‍ പന്കുവേക്കുംപോള്‍ തീവ്രത കു‌ടുന്നു, എഴുത്ത് സ്വാഭാവികമാവുന്നു. അഭിനന്ദനങ്ങള്‍ . വീണ്ടും എഴുതുക, അമ്ബാലായിലെ അനുഭവങ്ങള്‍. സര്‍ദാരിനിമാരുമായുള്ള കൂട്ടിനെപ്പറ്റി. ഒക്കെ.

രഘുനാഥന്‍ പറഞ്ഞു...

പ്രിയ സുഹൃത്തെ...

ഈ പോസ്റ്റ്‌ ഇപ്പോഴാ കണ്ടത്...പട്ടാളക്കാര്‍ എന്തൊക്കെ അനുഭവിക്കുന്നു എന്നാ കാര്യം ആരും അറിയുന്നില്ല..ആശംസകള്‍..

വശംവദൻ പറഞ്ഞു...

Malathi and Mohandas, രഘുനാഥന്‍:
വന്നതിലും അഭിപ്രായം അറിയിച്ചതിലും ഒത്തിരി നന്ദിയുണ്ട്‌.

Unknown പറഞ്ഞു...

machooooo ithu machante kadhayanengil keralathil adyamayi thurannitta trainil yathra cheythittulla ore oru machante oru aliyanenna credit anikkum!!!!!

Unknown പറഞ്ഞു...

machoooo ithu machayude kadhayanenkil adhyamayi turannitta trainil yathra cheytha ore oru machante oru aliyanenna credit enikkum!!!!!!