2009, മേയ് 10, ഞായറാഴ്‌ച

മാതൃദിനം

**************

എന്റെ ഭാര്യ ഒരാഴ്ചയായി ഉറങ്ങാൻ കിടക്കുന്നത് പുലർച്ചെ അഞ്ചു മണിയാകുമ്പോഴാണ്‌. ദിവസം ഒന്നോ രണ്ടോ മണിക്കൂർ മാത്രമാണു ഇപ്പോൾ ഉറങ്ങുന്നത്‌. നാലു മാസം പ്രായമുള്ള രണ്ടാമത്തെ മോൾ നിറുത്താതെ കരച്ചിലാണെപ്പോഴും. മിക്കവാറും ആശുപത്രിയിലും കൊണ്ട്‌ പോകുന്നുണ്ട്‌. മരുന്ന് കൊടുക്കുന്നുണ്ടെങ്കിലും കരച്ചിലിന്‌ ഒരു കുറവുമില്ല.

ജോലിക്ക്‌ വരേണ്ടത്‌ കാരണം എനിക്കു ഉറങ്ങാതിരിക്കാനും വയ്യ.

ഒരു സഹപ്രവർത്തകൻ ഈയിടെ വളരെ സങ്കടത്തോടെ പറഞ്ഞതാണിത്‌. ഒപ്പം ഇതും കൂടി പറഞ്ഞു

ചെറു പ്രായത്തിൽ നമ്മുടെ അമ്മയും ഇതുപോലെ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ടാകും, അല്ലേ?
**************എല്ലാ അമ്മമാർക്കും "മാതൃദിനാശംസകൾ"

2009, മേയ് 9, ശനിയാഴ്‌ച

പുകവലിക്കാത്തവർക്കും.....

ടീനേജ് കാലഘട്ടത്തിന്റെ അവസാന എപ്പിസോഡുകൾ ഓടിക്കൊണ്ടിരുന്ന നാളുകളിലൊന്നിലാണ് ശംഖുമുഖം കടപ്പുറത്ത്‌ വെച്ച് അസ്‌തമയ സൂര്യനെ സാക്ഷിനിറുത്തി 'മൂട്ടിൽ പഞ്ഞിയില്ലാത്ത' പനാമ വലിച്ച് കൊണ്ട് സംഭവബഹുലമായ ഒരു പുകവലി ജീവിതത്തിന് ‘ഞങ്ങ‘ തുടക്കം കുറിക്കുന്നത്.

ഓൾസെയ്ന്റ്സിനടുത്തുള്ള ബന്ധുവീട് സന്ദർശനാർത്ഥം അവിടെ എത്തിപ്പെട്ടതാണ്. അന്നൊക്കെ എവിടെ നിന്ന്‌ വേണമെങ്കിലും വലിക്കാമല്ലോ, പോരാത്തതിന് എൺപതുകളിലും തൊണ്ണൂറുകളുടെ ആദ്യവുമൊക്കെ വലി പലർക്കും ഒരു സ്റ്റൈലും ഫാഷനുമൊക്കെ ആയിരുന്നു താനും.

കുറഞ്ഞ കാലം കൊണ്ട്‌ പുകവലിയിൽ ഹെവി ലൈസൻസ്‌ എടുത്ത എന്റെ സമപ്രായക്കാരൻ മച്ചുനിയന്റെ 'ഇളുത്ത്‌' വലിച്ചാൽ ഓരോ നാഡി ഞരമ്പുകളിലും പൗരുഷം ത്രസിച്ച്‌ നിൽകുമെന്ന ഉറപ്പിന്റെ പിൻ‌ബലത്തിലായിരുന്നു ആദ്യ വിക്ഷേപണം.

അന്ന്‌ ‘ഇളുപ്പിന്റെ’ ശക്തി അല്പം കൂടിപ്പോയതിനാൽ തല ചുറ്റി, മണലിൽ കുറെ നേരം മലർന്ന് കിടന്ന്‌ റെസ്റ്റ് ചെയ്യേണ്ടി വന്നു വെന്ന്‌ മാത്രം!

എന്തായാലും നല്ല രാശിയുള്ള വലിയായിരുന്നു അന്നത്തേത്. പിന്നീട് തിരിഞ്ഞ്‌ നോക്കേണ്ടി വന്നിട്ടില്ല.

കാലചക്രം കറങ്ങുന്നതിനനുസരിച്ച്‌ വലിയുടെ അളവിൽ ഗണ്യമായ മാറ്റം വന്നു കൊണ്ടിരുന്നു. ആദ്യമൊക്കെ ആഴ്‌ചയിൽ ഒന്നോ രണ്ടോ ഒക്കെ വലിച്ചിരുന്നത്‌ രണ്ടു-മൂന്ന് വർ‌ഷത്തിനുള്ളിൽ ദിവസം 10 എണ്ണം വരെ ആകുകയും ഗൾഫിലെത്തിയപ്പോൾ 15 - 20 എന്ന റേഞ്ചിലെത്തുകയും ചെയ്തു.

വളരെവേഗം തന്നെ പുകവലി ഒരു ശീലം എന്നതിനെക്കാൾ ഒരു സ്വഭാവമായി മാറി.

ഇങ്ങനെ വലിച്ചാൽ “നീ കൂമ്പു വാടി ചാവൂടാ OR അറാവെലയ്ക്ക്‌ ചാവൂടാ“ എന്നൊക്കെ വേണ്ടപ്പെട്ടവരെല്ലം എപ്പോഴും സ്നേഹത്തോടെ ഓർമപ്പെടുത്തിയിരുന്നു.

ആരെല്ലാം എന്തെല്ലാം പറഞ്ഞാലും നിറുത്തുന്നതിനെക്കുറിച്ച്‌ ചിന്തിക്കാൻ പോലും കഴിയുന്നില്ല. ഡിസംബർ 31-ന് വലി നിറുത്തിയെന്ന് പ്രതിജ്ഞ ചെയ്‌തിട്ട് ജനുവരി ഒന്നിന് പൂർവാധികം ശക്തമായ നിലയിൽ പുനരാരംഭിക്കുന്ന സുഹ്രുത്തുക്കളോടൊപ്പം ചേർന്ന് വെറുതെയൊന്ന് ശപഥം ചെയ്യാൻ പോലും ഒരിക്കലും തോന്നിയില്ല.

പത്രത്തിലും ചില വാരികകളിലും വരുന്ന പുകവലിയുടെ ദോഷങ്ങളെക്കുറിച്ച്‌ വായിക്കുമ്പോൾ, ഹൊ, ഇങ്ങനെയൊരു ശീലം തുടങ്ങേണ്ടിയിരുന്നില്ല എന്നു് ഒരല്പ നേരത്തേയ്ക്ക് തോന്നും. ആ ചിന്തയ്ക്കിടയിലും ഒരെണ്ണം കൊളൂത്തിയിട്ടുണ്ടാകും.

ഉണർന്നെഴുന്നീറ്റു കഴിഞ്ഞാൽ ഉടൻ ഒരു ചായ, എന്നിട്ടു ഒരു സിഗരറ്റ്‌, എന്നാൽ മാത്രമെ നേരം പുലർന്നതായി പോലും തോന്നാറുള്ളൂ. പിന്നെ പ്രഭാതകർമ്മൾക്ക് മുമ്പു് ഒരെണ്ണം നിർബന്ധം, ഇല്ലെങ്കിൽ ഒന്നിലും ഒരു സാറ്റിസ്ഫാക്ഷൻ ഉണ്ടാകത്തില്ല.

ഇങ്ങനെ സർവം പൊഹമയം ആക്കി ജീവിച്ച് വരുന്നതിനിടെ പല പ്രാവശ്യം ഡോക്‌ടർമാരുടെ തെറിവിളി കേൾക്കേണ്ടതായും വന്നിട്ടുണ്ട്. അതിലൊന്ന് ഒരിക്കൽ അടച്ചിട്ട മുറിയിലിരുന്ന് വലിച്ചതിനായിരുന്നു. വായു സഞ്ചാരമില്ലാത്ത മുറിയിൽ ഇരുന്ന്‌ ഒരെണ്ണം വലിച്ചാൽ അവിടെ പുക തങ്ങി നിന്ന് പത്ത് സിഗരറ്റ്‌ വലിക്കുന്നതിന്റെ ദൂഷ്യം ഉണ്ടാകുമത്രെ. പോരാത്തതിന് ആ മുറിയിൽ വലിക്കാത്ത ആരെങ്കിലും ഉണ്ടെങ്കിൽ അവരും പുക വലിക്കുന്ന ആളിനു കിട്ടുന്ന അതേ ദോഷങ്ങൾ അനുഭവിക്കേണ്ടിയും വരും. അതിന് ശേഷം വീട്ടിനുള്ളിലിരുന്നുള്ള വലി ഒഴിവാക്കി. എന്തിനാ വെറുതെ മറ്റുള്ളവരെക്കൂടി രോഗികളാക്കുന്നത്?

പതിനഞ്ച് വർ‌ഷങ്ങൾക്ക് ശേഷമാണ് ഇത് നിറുത്താൻ ശ്രമിച്ച് നോക്കിയാലോ എന്നു് വിചാരിക്കുന്നത്. വില കൂടുന്നത് കൊണ്ടോ, ഡോകടർമാരുടെ ചീത്തവിളി മുടങ്ങാതെ കേൾക്കുന്നത് കൊണ്ടൊ അല്ല.

എന്നെങ്കിലുമൊരിക്കൽ ഇതു നിറുത്തേണ്ടി വരുമെന്നത്‌ യാഥാർത്ഥ്യം. എന്തെങ്കിലും ഗുരുതരമായ അസുഖത്തിൽ ഇത് കൊണ്ടെത്തിക്കുമെന്നുള്ളതും ഉറപ്പ്‌.

നിറുത്തുക എന്നത്‌ തന്നെ ബുദ്ധിമുട്ടേറിയ കാര്യം, ഒപ്പം എന്തെങ്കിലും അസുഖം വന്നിട്ട് ആകുമ്പോൾ അതിന്റെ കഷ്‌ടപ്പാടുകൾ വേറെയും. അത് കൊണ്ട് മാത്രം ശ്രമിച്ച് നോക്കമെന്ന്‌ വിചാരിച്ചു.

മാത്രവുമല്ല, നല്ലൊരു വലിയനായിരുന്നിട്ട് പൂർണമായും ഒഴിവാക്കിയ ഒരു സുഹ്രുത്തിന്റെ താഴെക്കാണുന്ന ചില നിർ‌ദേശങ്ങളും കേട്ടപ്പോൾ ഒന്ന് ട്രൈ ചെയ്യാമെന്ന്‌ തോന്നി.

1. ആദ്യമായി പുകവലി നിറുത്തുവാനുള്ള ആഗ്രഹം അല്പമെങ്കിലും മനസിൽ ഉണ്ടോ എന്ന് നോക്കുക. ഉണ്ടെങ്കിൽ അതിനായി ശ്രമിക്കാമെന്ന്‌ മാത്രം കരുതുക. നിറുത്താമെന്നല്ല !!

2. അടുത്തതായി, ഇപ്പോൾ വലിച്ച് കൊണ്ടിരിക്കുന്ന സിഗരറ്റിന്റെ ബ്രാന്റ് മാറ്റുക. ഒരു ബ്രാന്റ് മാത്രം വലിക്കാതെ തീരെ വിലകുറഞ്ഞതും കൂടിയതും ഒക്കെ മാറി മാറി വാങ്ങി വലിച്ച് നോക്കുക. അപ്പോൾ സ്ഥിരമായ ഒരു രുചി മാറുകയും പൊതുവെ ഒരു താൽപര്യക്കുറവ്‌ വരികയും ചെയ്യും. പിന്നെ ഒരു കാരണവശാലും നമുക്കേറ്റവും ഇഷ്‌ടപ്പെട്ട സിഗരറ്റ്‌ വാങ്ങരുത്. (ഇനി ബീഡിയാണ് ശീലമെങ്കിലും ഒരു ചെയ്‌ഞ്ചു് ആകാം).

3. കുറെ ദിവസങ്ങൾ അങ്ങനെ കഴിഞ്ഞാൽ, പിന്നെ കയ്യിൽ ഒരു സിഗരറ്റ്‌ മാത്രം കരുതുക. എത്രത്തോളം സമയം വലിക്കാതെ പിടിച്ച്‌ നിൽക്കാൻ കഴിയുമെന്ന്‌ ട്രൈ ചെയ്ത് നോക്കുക. ഒരു വലിക്കാരന്റെ മനസിന്റെ ശക്തി അപ്പോൾ മനസിലാകും. തീരെ നിവൃത്തിയില്ലെങ്കിൽ മാത്രം അതു കൊളുത്തുക.

4. ഈ ദിവസങ്ങളിൽ കുറച്ച് കുരുമുളക് എപ്പോഴും കൊണ്ട് നടക്കുക. വല്ലാതെ വലിക്കാൻ തോന്നുമ്പോൾ ഒന്നുരണ്ടെണ്ണമെടുത്ത് കൊറിച്ചാൽ അതിന്റെ എരിവിൽ മറ്റേ ആസക്‌‌തി കുറെ നേരത്തേയ്ക്ക് മാറിക്കിട്ടും.

5. അല്ലെങ്കിൽ ആ സമയം മധുരം കുറച്ച് ഒരു കട്ടൻ ചായ കുടിക്കാവുന്നതാണ്. (ചായ ആരോഗ്യത്തിന് നല്ലതാണെന്നല്ല, എങ്കിലും പുകവലി കുറയ്ക്കാൻ ശ്രമിക്കുമ്പോൾ തൽകാലം കുറെ ദിവസത്തേക്ക്).

കുറച്ച് ബുദ്ധിമുട്ടുണ്ടായിരുന്നെങ്കിലും ഇതുപോലെ ‘നുമ്മ’ ഒരാഴ്ചയോളം കഴിഞ്ഞു. എന്നിട്ടൊരു ദിവസം രാവിലെ ഒരു ഹെവി ബ്രേക്ക്‌‌ഫാസ്‌റ്റ് ഒക്കെ കഴിഞ്ഞ്, ഒരെണ്ണം വലിച്ചിട്ട് ഓഫീസിലെത്തി. പിന്നെ വലിക്കാതെ എത്രത്തോളം സമയം ഇരിക്കാൻ പറ്റുമെന്ന്‌ നോക്കി. ഉച്ചയൂണ് കഴിഞ്ഞപ്പോഴേക്കും വലിക്കാനുള്ള മോഹം കലശലായി. ഒരു സിഗരറ്റ്‌ കൈവശമുണ്ടായിരുന്നെങ്കിലും അന്ന്‌ പിടിച്ച്‌ നിൽക്കുവാൻ തന്നെ ഉറപ്പിച്ചു. വീട്ടിലെത്തി, രാത്രി പതിവിലും നേരത്തേ കിടന്നുറങ്ങി.

പിറ്റേന്ന് രാവിലെ വലിക്കണമെന്ന്‌ തോന്നിയെങ്കിലും വലിക്കുന്നതിന്‌ പകരം രണ്ട്‌ ചായ കൂടി കുടിച്ചു.

ജോലിക്കെത്തിയപ്പോൾ എല്ലാവരോടും വല്ലാത്ത ദേഷ്യം തോന്നുന്നു. വായും ചുണ്ടും വലിഞ്ഞ് മുറുകും പോലെ, കുറെ കഴിയുമ്പോൾ എല്ലാം ശാന്തമാകും. പിന്നെയും കുറെ കഴിയുമ്പോൾ വീണ്ടും വലിഞ്ഞ് വലിഞ്ഞ് വരുമ്പോലെ തോന്നും.

ഇത്ര നാളും നമ്മൾ സിഗരറ്റ് വലിക്കുക എന്നതിനെക്കൾ സിഗരറ്റ് നമ്മളെ വലിക്കുകയായിരുന്നല്ലോ ചെയ്തിരുന്നത് എന്നോർത്തപ്പോൾ എന്തായാലും ഒരു ദിവസം കൂടി വലിക്കില്ല എന്നു തന്നെ ഉറപ്പിച്ചു.

രണ്ട് ദിവസമൊക്കെ വലിക്കാതിരിക്കാൻ കഴിഞ്ഞപ്പോ‍ൾ വീണ്ടും ഒന്നു രണ്ട് ദിവസം കൂടി ശ്രമിച്ച് നോക്കിയാലെന്തെന്നായി.

അങ്ങനെയങ്ങനെ, ക്രമേണ വലിക്കാനുള്ള ആഗ്രഹം കുറഞ്ഞ്‌ കുറഞ്ഞ് വന്നു. ആ നാളുകളിലായിരുന്നു, വലിച്ചില്ലെങ്കിലും ദൈനംദിന ജീവിതത്തിൽ ഒരു പ്രശ്‌നവുമില്ലെന്നും മാത്രവുമല്ല ഗുണങ്ങൾ ഒരുപാടുണ്ടെന്നും തിരിച്ചറിഞ്ഞത്.

അങ്ങനെ പുക വലിച്ചിട്ട് ഇപ്പോൾ രണ്ട് വർഷമാകുന്നു.

ഒരു പക്ഷെ, മിക്ക വലിക്കാരും ഉള്ളിന്റെയുള്ളിൽ ഈ ശീലം നിറുത്തണമെന്ന്‌ ആഗ്രഹിക്കുന്നുണ്ടാകാം. നിറുത്തിയില്ലെങ്കിലും ആർക്കും നിറുത്താനായി ഒരു തയ്യാറെടുപ്പ്‌ നടത്തി നോക്കാവുന്നതേയുള്ളൂ.

വർഷം തോറും ലക്ഷക്കണക്കിനാളുകൾ പുകവലി മൂലം മരണപ്പെടുന്നു, രോഗികളായി മാറുന്നു. ജീവിതത്തിൽ ഒരിക്കൽ പോലും വലിച്ചിട്ടില്ലാത്തവരും മറ്റുള്ളവർ പുറത്തേയ്ക്കു ഊതിവിടുന്ന പുക ശ്വസിച്ച് രോഗികളായി മാറുന്നു. മുതിർന്നവർ വലിക്കുന്നത് അടുത്ത് നിൽക്കുന്ന കുട്ടികളെയും ഗുരുതരമായി ബാധിക്കുന്നു. ഇതെല്ലാം അറിയാമെങ്കിലും എന്തുകൊണ്ടോ ഈ ശീലം ഒഴിവാക്കാൻ പലർക്കും കഴിയുന്നില്ല.

പക്ഷെ, ഒരു ശ്രമം ആർക്കും നടത്തി നോക്കാവുന്നതാണ്.

മേയ്‌ 31, ലോക പുകയില വിരുദ്ധദിനമാണല്ലോ. മിക്കവാറും എല്ലാ വലിയന്മാരും വലിച്ചികളും തന്റെ പുകവലിയെക്കുറിച്ച്‌ അല്പമെങ്കിലും ചിന്തിക്കാൻ സാധ്യതയുള്ള ദിവസം.

ഇതു വായിക്കേണ്ടി വന്നവർ, ഈ ശീലമുണ്ടെങ്കിൽ, വരുന്ന പുകയില വിരുദ്ധദിനത്തിന് മുമ്പായി പുകവലി നിറുത്താൻ കഴിയുമോ എന്ന് ദയവായി ഒന്ന് ശ്രമിച്ച് നോക്കുക.

നഷ്ടപ്പെടാനൊന്നുമില്ല, പക്ഷെ, നേടാൻ പലതുമുണ്ട്. സത്യം!

മൂർഖൻ പാമ്പ് റീലോഡഡ്

.....................
‘മൂർഖൻ പാമ്പിനെ നോവിച്ച് വിട്ടാൽ’ എന്ന പഴയ ഒരു പീസ്, വായിക്കാത്തവർക്കായ് വീണ്ടും പോസ്റ്റട്ടെ.
.....................

കേരളത്തിലെ മറ്റു പല സ്ഥലങ്ങളിലുമെന്ന പോലെ, മൂർഖൻ, അണലി തുടങ്ങിയ മുന്തിയ ഇനം ഉരുപ്പടികളും കാഴ്ചക്കു ഭീകരനെങ്കിലും വലിയ കുഴപ്പക്കാരല്ലാത്ത ചേരകളും യഥേഷ്ടം ജീവിച്ചു വരുന്ന ഒരു നാട്ടിൻപുറമാണ് ഞങ്ങളുടേതും.

അള മുട്ടിയാൽ ചേരയും കടിക്കും, ചവിട്ടിയാൽ കടിക്കാത്ത പാമ്പുണ്ടോ?, വേലിയിൽ ഇരുന്ന പാമ്പിനെയെടുത്ത്‌ എവിടെയോ വെച്ചത്‌ പോലെ തുടങ്ങിയ പഴഞ്ചൊല്ലുകളൊക്കെ പരിശോധിച്ചാൽ പാമ്പുകൾ ഇങ്ങോട്ടു് വന്ന്‌ ഉപദ്രവിക്കുമെന്നുള്ള ഒരു സൂചന പോലും ഇല്ല. എങ്കിൽതന്നെയും മിക്കവാറും എല്ലാവരും, പാമ്പിനെ കണ്ടാലുടാൻ അടിച്ച്‌ കൊല്ലുന്നതിൽ അതീവ ശ്രദ്ധ പുലർ‌ത്തുന്നത്‌ സൂക്ഷിച്ചാൽ ദു:ഖിക്കണ്ട എന്നത് കൊണ്ടാകാം.

നമ്മുടെ ഏരിയായിൽ പാമ്പിനെകൊല്ലികൾ ധാരാളമുണ്ടെങ്കിലും ഞാൻ കൊല്ലാറില്ല. കൊല്ലുന്നതും ഉപ‌ദ്രവിക്കുന്നതും ഇഷ്ടമേയല്ല. അങ്ങനെ യൊരു ശീലം വന്നത് പേടി കൊണ്ടു് മാത്രമായിരുന്നു.

“പ്രിവൻഷൻ ഇസ് ബെറ്റർ ദാൻ ….” എന്ന് കരുതി, ദിവസവും കിട്ടാവുന്നത്ര വെള്ളുള്ളി അടുക്കളയിൽ നിന്നും പൊക്കുകയും ചതച്ച്‌ വീടിന്റെ പരിസരത്തെല്ലാം വിതറുകയും ചെയ്യുകയാണ് നമ്മുടെ പണി. അതിന്റെ മണം പാമ്പുകൾക്ക് ഇഷ്ടമല്ലാ എന്നും അത്തരം പ്രദേശങ്ങളിൽ ഈ സാധനം വരികയുമില്ലാ എന്ന്‌ ആരോ പറഞ്ഞത് കേട്ടതു കൊണ്ടാ‍ണത്‌.

എന്നാലും ആഴ്‌ചയിൽ മിനിമം ഒരു പാമ്പിനെയെങ്കിലൂം ഞങ്ങൾക്കു കാണേണ്ടി വരാറുണ്ടു്. കണ്ടാൽ ഉടനെ ഒരൂ നിലവിളി ശബ്‌ദം പുറപ്പെടുവിക്കുകയും ഏതു സമയത്താണെങ്കിലും പരിസരത്തുള്ളവരാരെങ്കിലും ഓടിവന്ന്‌ അതിനെ കൊല്ലുകയും ചെയ്തുകൊള്ളും.

ചേരയെ ഒന്നും ചെയ്യാറില്ലായിരുന്നു. അല്ലെങ്കിൽ തന്നെ ചെയ്യാൻ കിട്ടിയിട്ട്‌ വേണ്ടെ? കണ്ണടച്ചു് തുറക്കുന്ന സമയത്തിനുള്ളിൽ ആശാൻ അടുത്ത പഞ്ചായത്തിൽ എത്തിയിട്ടുണ്ടാകും.

ഗൾഫിലെത്തിയതിന് ശേഷമാണ് ആ ഭയത്തിൽ ചെറിയ ഒരു അയവ്‌ വന്നത്‌, ചില രാത്രികളിൽ പാമ്പിനെ സ്വപ്‌‌നം കണ്ട് ഞെട്ടിയുണരാറുണ്ടായിരുന്നെങ്കിലും.

*******
പ്രവാസജീവിതത്തിന്റെ ഇടവേളകളിലൊന്നിൽ കണ്ടകശനി നിഴൽ പോലെ കൂടെയുണ്ടായിരുന്ന ഒരു രാത്രി 8 മണിയോടെ ആറ്റിങ്ങൽ നിന്നും ചിറയിൻ‌കീഴേക്ക്‌ പോകേണ്ട ഒരു ആവശ്യം വന്നു. നന്നായി ഇരുട്ട് പരന്നിരുന്നെങ്കിലും നമ്മുടെസ്വന്തം യാഗാശ്വം, ഹീറൊ ഹോണ്ട സ്പെളണ്ടറിൽ മാന്യമായ സ്പീഡിൽ “വേളിക്ക്‌ വെളുപ്പാൻ കാലം ......താ‍ലിക്ക്‌ കുരുത്തോല .....” എന്ന പാട്ടൊക്കെ പാടി പോകുകയായിരുന്നു.

ചെറുവള്ളിമുക്കു് എന്ന് സ്ഥലം കഴിഞ്ഞപ്പോൾ വിജനമായ ഒരു റോഡിൽ വെച്ച് ബൈക്കിന്റെ വെളിച്ചത്തിൽ കറുത്ത വൃത്താകൃതിയിൽ അടയാളങ്ങളുള്ളതും അത്യാവശ്യം കനമുള്ളതും ഒന്നരമീറ്ററോളം നീളം തോ‍ന്നിക്കുന്നതുമായ ഒരു പാമ്പ് മന്ദം മന്ദം റോഡ് ക്രോസ് ചെയ്യുന്നത് കണ്ടു, അപ്പോഴേക്കും വളരെ അടുത്തെത്തി ക്കഴിഞ്ഞിരുന്നു.

ബ്രേക്ക് ചവിട്ടിയില്ലെങ്കിൽ ബൈക്ക് പാമ്പിന്റെ മുകളിലൂടെ കയറിയിറങ്ങും, ചവിട്ടിയാൽ മിക്കവാറും പാമ്പിന്റെ അടുത്തായി വണ്ടി നിൽക്കുകയൂം ചിലപ്പോൾ റാംജിരാവ്‌ സ്പീക്കിങിൽ ഇന്നസെന്റ്, മുകേഷ്, സായികുമാർ എന്നിവർ മണ്ണിൽ കിടന്ന്‌ പിടിവലി കൂടുന്നത് പോലെ പാമ്പും, ബൈക്കും ഞാനും ഉരുണ്ട് കളിക്കേണ്ടിയും വരും.

എത്രയും പെട്ടെന്ന്‌ ഒരു തീരുമാനത്തിലെത്തിയേ പറ്റൂ.

സ്വകാര്യ ബസ്സുകൾ എപ്പോഴും മത്സരയോട്ടം നടത്തുന്ന റോഡാണ്, അപ്പോഴൊന്നും വരാതെ എന്റെ വണ്ടിയുടെ മുന്നിൽ തന്നെ വന്ന്‌ കയറണമായിരുന്നോ കുരുപ്പേ?

ഒടുവിൽ രണ്ടും കൽ‌പിച്ച് ആക്സിലേറ്ററ് കൂട്ടി, പാമ്പിന്റെ മുകളിലുടെ ബൈക്ക്‌ കയറി മുന്നോട്ട് പോയി, തിരിഞ്ഞ്‌ നോക്കിയില്ല, ഒരു ബർഗർ ബണ്ണിന്റെ പുറത്ത് അമർത്തിയ അനുഭവം.

അപ്പോഴാണ് ബൈക്ക്‌ കയറ്റിയിറക്കിയാൽ ടയറിൽ ചുറ്റിപ്പിടിക്കുന്ന സ്വഭാവം പാമ്പുകൾക്കുണ്ടെന്ന കാര്യം ആരോ പറഞ്ഞത്‌ ഓർ‌മ വന്നത്‌.

ഇരുട്ട് കാരണം ഒന്നും വ്യക്ത‌മായി കാണാനും കഴിയുന്നില്ല.

നെഞ്ചിനുള്ളിൽ ഭയം റോക്കറ്റ് പോകും പോലെ കുത്തനെ ഉയർന്നപ്പോൾ എന്റെ ഇരു കാലുകളൂം ഇരുവശത്തേക്കുമായി ഉയരുന്നതും ഞാനറിഞ്ഞു. പാമ്പ് വണ്ടിയിലുണ്ടെങ്കിൽ കാലുകളിലായിരിക്കുമല്ലോ ആദ്യത്തെ അറ്റാക്ക്.

നിരന്തര പരിശീലനം കൊണ്ട് മാത്രം കൈവരുന്ന ഒരു “ആസനം“ ഒരു പ്രാക്ടീസുമില്ലാതെ എനിക്കപ്പോൾ ചെയ്യാൻ പറ്റി. (ആസനവും ഇരു കാലുകളും ഒരേ നേർ‌രേഖയിൽ വെച്ച് ഇരിക്കുന്ന അവസ്ഥ).

ബൈക്ക് നിറുത്തിയേ പറ്റൂ, നിറുത്തണമെങ്കിൽ ബ്രേക്ക്‌ ചവിട്ടണം, ബ്രേക്ക്‌ ചവിട്ടണമെങ്കിൽ കാലു് താഴ്‌ത്തണം.

എന്തായാലും അതേ നിലയിൽ തന്നെ കുറെ ദൂരം കൂടി മുന്നോട്ട് പോയി. അപ്പോൾ അടിച്ചു പൂക്കുറ്റിയായി അയ്യപ്പബൈജുവിന്റെ സ്റ്റൈലിൽ വഴിയരികിൽ നിന്ന ഒരു ചേട്ടൻ മോട്ടർ സൈക്ക‌ൾ അഭ്യാസമാണോ അതോ ഏതൊ അഭ്യാസി ഇന്നത്തെ കളി കഴിഞ്ഞ്‌ വീട്ടിൽപ്പോകുകയാണോ എന്ന ഭാവത്തിൽ നോക്കുന്നതും കണ്ടു.

അങ്ങനെ തന്നെ വീണ്ടും മുന്നോട്ട് പോയാൽ വേറെ ഏതെങ്കിലും വണ്ടി വന്ന്‌ കയറി കട്ടേം പടോം മടങ്ങുമെന്നുറപ്പായതിനാലും സമയം കഴിയും തോറും പാമ്പ് മുകളിലേക്കെത്തുമെന്ന് അറിയാമെന്നതിനാലും എങ്ങനെയും നിറുത്താൻ തന്നെ തീരുമാനിച്ചു.

അല്പമകലെയായി വെളിച്ചം കണ്ട ഒരു കടയൂടെ മുൻപിൽ സ്റ്റോപ്‌ ചെയ്യാമെന്ന്‌ മനസിലുറപ്പിച്ച്

വൺ, റ്റൂ, ത്രീ പറഞ്ഞ്‌ വലത് കാൽ താഴ്‌ത്തി ബ്രേക്ക് ചവിട്ടിയതും ഇടത്ത് ഭാഗത്തേക്കു് ഞാൻ ചാടിയതും ഒരുമിച്ചായിരുന്നു.

എന്നാൽ ടൈമിംഗ്‌ ശരിയാ‌കാത്തത് കൊണ്ട് മാത്രം ഒരു ചാലിലേക്ക് ഉരുണ്ട് പോകുന്നതിനിടയിൽ കുറച്ച്‌ മുന്നോട്ട് പൊയി ബൈക്ക് വീഴുന്നതും കണ്ടു. എനിക്കും സ്‌പെളണ്ടരിനും ഗുരുതരമല്ലെങ്കിലും ഒട്ടും മോശമല്ലാത്ത നിലയിൽ പരിക്കുകൾ പറ്റി യെ ങ്കിലും ബൈക്കിൽ പാമ്പ് ഇല്ലായിരുന്നുവെന്ന സത്യം മനസ്സിലാക്കി.

എന്തായാലും അന്നുമുതൽ എന്റെ ഭയപ്പെടുത്തുന്ന ഓർ‌മകളിലും സ്വപ്‌നങ്ങളിലും ഉള്ള പാമ്പുകളുടെ ലിസ്റ്റിൽ പുതിയ ഒരെണ്ണം കൂടി ജോയിൻ ചെ‌യ്‌തു.
*******

രണ്ട്‌ വർ‌ഷങ്ങൾക്ക്‌ ശേഷമുള്ള മറ്റൊരു അവധിക്കാലം.

ഒരിക്കൽ തിരുവനന്തപുരത്ത്‌ കിഴക്കേക്കോട്ടയിൽ പോയപ്പോൾ പുത്തരിക്കണ്ടം മൈതാനിയിൽ സ്നേക് ഷോ നടക്കുന്നതായി ബോർഡ്‌ കണ്ടു.

ഉറക്കത്തിലും നേരിട്ടുമൊക്കെ നിരന്തരം പീഡിപ്പിച്ച് കൊണ്ടിരിക്കുന്ന ഈ ജീവിയെ ടിക്കറ്റെടുത്ത്‌ കാണണോ?

മനസില്ലാ മനസോടെയാണെങ്കിലും കയറാമെന്ന്‌ വെച്ചു.

ടിക്കറ്റ്‌ 10 രൂപ. ഏതാണ്ട് ഒരു ദിർഹം അല്ലേ ആകുന്നുള്ളു (അബൂദാബിയിൽ മമ്മദ്‌ക്കായുടെ കഫ്‌റ്റീരിയായിൽ നിന്ന്‌ 2 പൊറോട്ട പെയിന്റടിച്ച് തിന്നുന്ന കാശ്‌).

കണ്ണാടിക്കൂടുകളിൽ വരിവരിയാ‍യി, പല വർഗത്തിലും പെട്ട പല തരം പാമ്പുകൾ. രാജവെമ്പാല, മൂർഖൻ, അണലി, പച്ചില‌പ്പാമ്പ് എന്നിങ്ങനെ ഓരൊന്നിനെയും ഓരോ കൂട്ടിലായ് ഇട്ടിരിക്കുന്നു. മ്യൂസിയത്ത് പോയാൽ കാണുന്നത് പോലെ. ചിലത് നാക്ക് നീട്ടി വിറപ്പിച്ചു കൊണ്ടിരിക്കുന്നു.

അങ്ങനെ ഓരോന്നായി കണ്ട് ക്ണ്ട് വരിയിലൂടെ നീങ്ങി. അതവസാനിക്കുന്നിടത്ത് ചെറിയ ഒരു സ്റ്റേജും അതിൽ പൌൾട്രി ഫാമിൽ കോഴികളെ ഇടൂന്നതു പോലുള്ള ഒരു കൂടൂം അതിന്റെ മുന്നിൽ കാണികളായി പത്തിരുപത് പേരും.

കൂടിനുള്ളിൽ പല വലുപ്പത്തിലും, നിറത്തിലും, ജാതിയിലും ഉള്ള പാമ്പുകളുടെ സംസ്ഥാന സമ്മേളനം. ചെറുതും വലുതുമായി പത്തറുപതെണ്ണമെങ്കിലും വരും, ഒരു ഭാഗത്ത് ലുലു സെന്റരിൽ ബെൽറ്റ് തൂക്കിയിട്ടിരിക്കുന്നത് പോലെ കുറെയെണ്ണം തൂങ്ങി ക്കിടക്കുന്നു.മറ്റ് ചിലത് അങ്ങോട്ടുമിങ്ങോട്ടുമെല്ലാം ഇഴഞ്ഞു നടക്കുന്നു.

ഞാൻ ആദ്യം ശ്രദ്‌ധിച്ചത് പാമ്പുകൾക്ക് അതിൽ നിന്നും പുറത്ത് കടക്കുവാൻ പറ്റിയ വിടവോ മറ്റോ ഉണ്ടോ എന്നാണു. ഇല്ലാ എന്നു ഉറപ്പ് വരുത്തിയതി‌ന് ശേഷം ആൾക്കാരുടെയെല്ലാം പുറകിലായി പോയി നിന്നു. ഇവിടെ എന്താണ്‌ നടക്കാൻ പോകുന്നതെന്ന്‌ അറിയണമല്ലോ.

അഞ്ചു മിനിട്ട് കഴിഞ്ഞ്‌ കാണും, മുപ്പത്തിയഞ്ചു- മുപ്പത്തിയേഴ്‌ വയസ്‌ പ്രായം വരുന്ന ഒരു പയ്യൻ വന്ന്‌ കൂടു തുറന്ന്‌ അകത്തു കയറുകയും മുഴുത്ത ഒരെണ്ണത്തിനെ എടുത്ത് കൊണ്ട് പുറത്തേക്ക്‌ വരികയും ചെയ്തു.

കൂട് അടച്ചതിന് ശേഷം ഇരു കൈകളിലുമയി പാമ്പിനെ ഏടുത്തുയർത്തിക്കൊണ്ടു, അദ്ദേഹം നടത്തിയ വിശാലമായ പ്രസംഗത്തിലെ ചില പോയിന്റുകൾ ചുരുക്കത്തിൽ ഏതാണ്ടു ഇതുപോലെയായിരുന്നു.

പ്രിയമുള്ളവരെ ! “പാമ്പുകൾ മനുഷ്യ്ന്റെ ശത്രുവേയല്ല. സ്വയരക്ഷക്ക്‌ വേണ്ടി മാത്രമാണ് അവ കടിക്കുന്നത്.

“നീർക്കോലി കടിച്ചാൽ അത്താഴം മുടക്കണമോ? വേണ്ടേ വേണ്ട. അത്താഴം കഴിച്ചാൽ അതൊരിക്കലും ‘ലാസ്റ്റ്‌ സപ്പർ‘ ആകത്തില്ല, കാരണം നീർക്കോലിക്ക്‌ വിഷമില്ല. നിങ്ങൾ ആവശ്യാനുസരണം എന്തും കഴിച്ച്‌ സുഖമായി ഉറങ്ങിക്കോള്ളു.”

ഇത്രയും പറഞ്ഞിട്ട് കയ്യിലിരുന്ന സാധനത്തിനെ കൂടിനകത്തേക്ക്‌ ഇട്ടതി‌ന്‌ ശേഷം വന്ന്‌ ഇങ്ങനെ തുടർന്നു.

“മൂർഖൻ പാമ്പിന്റെ തല മാത്രം പറന്ന്‌ വന്ന്‌ ഉപദ്രവിക്കുമെന്ന്‌ ചിലരൊക്കെ വിശ്വസിക്കുന്നു. അത്‌ തികച്ചും അബദ്ധധാരണയാകുന്നു”.

“ ‘മഞ്ഞച്ചേര മലർന്ന്‌ കടിച്ചാൽ മലയാളത്തിൽ മരുന്നില്ല’ ഇപ്രകാരം, ഒരു ചൊല്ല്‌ ഗ്രാമപ്രദേശങ്ങളിൽ കേൾക്കാം. മലയാളത്തിലെന്നല്ല, മറ്റൊരു ഭാഷയിലും മരുന്ന് കാണില്ല, എന്തു കൊണ്ടെന്നാൽ ചേരക്ക്‌ വിഷമില്ല, അത്ര തന്നെ.”

“സന്ധ്യാനേരങ്ങളീൽ ചിലപ്പോഴൊക്കെ ഉണ്ടാകുന്ന ഒരു ദുർഗന്ധം, ഏതൊ പാമ്പ് വായ തുറക്കുന്നത് കൊണ്ടാണെന്ന്‌ പറഞ്ഞ്‌ കേൾക്കാറുണ്ട്. അത്‌ തികച്ചും തെറ്റാണ്. ചില പൂവുകൾ വിരിയുമ്പോഴുണ്ടാകുന്ന ഗന്ധമാണത്‌”.

“കേരളത്തിൽ കാണപ്പെടുന്ന ചുരുക്കം ചില പാമ്പുകൾക്കേ വിഷമുള്ളൂ. (മൂർഖൻ, അണലി, വെള്ളിക്കെട്ടൻ etc.) ഇവയുടെ കടിയേറ്റാൽ തന്നെയും ഭയക്കേണ്ട ആവശ്യമില്ല, ഉടനെ ആശുപത്രിയിൽ എത്തിയാൽ രക്ഷപെടുക തന്നെ ചെയ്യും. മിക്കവാറും എല്ലാ ആശുപത്രികളീലും പാമ്പിൻ വിഷത്തിനുള്ള പ്രതിവിധികളുണ്ട്.”

പാമ്പുകളെ ക്കുറിച്ച് അതുവരെയില്ലാതിരുന്ന അറിവുകൾ എന്റെ മനസിന്‌ കുറച്ചൊന്നുമല്ലാ സന്തോഷം നൽകിയത്.

“രാജവെമ്പാ‍ല ആണ് കടിക്കുന്നതെങ്കിൽ, ആള് രക്ഷപെടാൻ സാധ്യതയില്ല. ഭാഗ്യത്തിന് കേരളത്തിൽ വനാന്തരങ്ങളിൽ മാത്രമെ അവ കാണപ്പെടുന്നുള്ളൂ”.

“വ്യത്യസ്‌ത ഇനത്തിൽ പെട്ട പാമ്പുകൾ തമ്മിൽ ഇണ ചേരില്ല. ചേരയും മൂർഖനും തമ്മിൽ ഇണ ചേരുമെന്ന്‌ പറഞ്ഞ്‌ കേൾക്കാറുണ്ട്”.

“പാമ്പുകളുടെ തലച്ചോറ്‌ നിരവധി പരീക്ഷണങ്ങൾക്കു് വിധേയമാക്കിയുട്ടുണ്ട്‌. ഒന്നും ഓർത്ത്‌ വെയ്ക്കുവാനുള്ള കഴിവ്‌ അവയ്ക്കില്ല. എന്ന് വെച്ചാൽ, പാമ്പുകൾക്കു് ഓർമശക്തിയേയില്ല”.

ഇതു കേട്ടപ്പോൾ എനിക്ക്‌ സന്തോഷം അടക്കാനായില്ല.

എന്ത് കൊണ്ടെന്നാൽ, പാമ്പിനെ ഉപദ്രവിച്ചുവിട്ടാൽ അത് എന്നെങ്കിലും, എവിടെ വെച്ചെങ്കിലും പണി തരും എന്നായിരുന്നു അതുവരെയുള്ള എന്റെ വിശാസം.

അതിനുള്ള ഒരു പ്രധാന കാരണം, സകല കന്നന്തിരിവുകളും കാണിച്ചിട്ട്, ആരുടെയെങ്കിലും കയ്യീന്ന്‌ അടിയും വാങ്ങിക്കെട്ടി പോകാൻ നേരം തിരിഞ്ഞ് നിന്ന്

“ഒരു മൂർഖൻ പാമ്പിനെയാണു് നീ നോവിച്ച് വിടുന്നതെന്നോർത്തോ”

എന്നു് ടിജീരവിയണ്ണനെപ്പോലുള്ള, സീഡിയും മൊബൈലും ബ്ലൂടൂത്തും ഒന്നും ഇല്ലാത്ത കാലത്തെ ഒരു തലമുറയുടെ, രോമാഞ്ച നായകന്മാർ പറയുന്നത് കേട്ട് ഞങ്ങൾ വളർന്നതാകാം.

അങ്ങനെയുള്ള ഒരു ഹിമാലയൻ വിശ്വാസമാണ് അന്നവിടെ പൊളിച്ചടുക്കിയത്‌. എന്തായാലും ആ ഷോയ്ക്ക് ശേഷം, പാമ്പുകളോടുള്ള എന്റെ പേടി വലിയൊരളവ് വരെ മാറി.

പാമ്പുകളെല്ലാം തന്നെ അംനേഷ്യയോ അൾഷിമേഴ്‌സോ ബാധിച്ചവരെപ്പോലെ ആണെന്നറിയാമെങ്കിലും പിന്നീട് ആറ്റിങ്ങൽ -ചിറയിൻ‌കീഴ് റോഡിൽ രാത്രി ബൈക്കിൽ പോകാൻ ഒരു അവസരം കിട്ടിയിട്ടില്ല.