2011, ജൂലൈ 12, ചൊവ്വാഴ്ച

കോഴിജീവിതം

ഇറച്ചിക്കത്തിയ്ക്ക് ഇരയാവാന്‍ വിധിക്കപ്പെട്ടു കിടക്കുന്ന മുപ്പതോ നാലപ്തോ കോഴികളുണ്ടാകും ആ കൂടിനുള്ളില്‍.

എത്ര കിലോ വേണമെന്ന ചോദ്യത്തിന് മറുപടി കിട്ടിക്കഴിഞ്ഞാല്‍ കടക്കാരന്‍ ഒത്ത ഒരെണ്ണത്തിനു വേണ്ടി കൂടിനകത്തേയ്ക്ക് കയറും. അപ്പോള്‍ അയാളുടെ കൈയില്‍ പെടാതിരിക്കാന്‍ വേണ്ടി കോഴികള്‍ പ്രാണരക്ഷാര്ത്ഥം പരക്കം പായുന്നത് കാണാം. ഹൃദയഭേദകമാണ് ആ കാഴ്ച .

പക്ഷെ ഒരെണ്ണത്തിനെയും കൊണ്ടേ അയാള്‍ പുറത്തിറങ്ങൂ.

ചിറകുകളും കാലും കൂട്ടിപ്പിടിച്ച് അവിടെയിരിക്കുന്ന ഒരു വീപ്പയ്ക്കകത്തേയ്ക്ക് കാട്ടി കത്തിയെടുത്ത്‌ കഴുത്തിനു നേരെ ഒന്ന് തിരിക്കും. എല്ലാ ചെറുത്തു നില്പും അവിടെ അവസാനിക്കും.

ഒന്നുരണ്ടു പിടച്ചില്‍ ! അതോടെ നിശ്ചലമാകുന്നു.

അപ്പോഴേക്കും വെള്ളത്തൂവലുകളിലപ്പാടെ ചോര പടര്ന്നി ട്ടുണ്ടാകും.

ആ സമയം മറ്റു കോഴികളുടെ മനസില്‍ എന്തായിരിക്കും? ആശ്വാസത്തിന്റെ നിശ്വാസമോ അതോ ഇത്രനേരവും ഒപ്പമുണ്ടായിരുന്ന കൂട്ടുകാരനെ നഷ്ടപ്പെട്ടതിന്റെ വേദനയോ?

അല്പനേരത്തിനുള്ളില്‍ തോല് നീക്കി ചെറു കഷണങ്ങളാക്കി പ്ലാസ്റ്റിക് കവറിലിട്ട് തരുന്നത് വാങ്ങുമ്പോള്‌ എന്തോ ഒരു കുറ്റബോധം എനിക്ക് തോന്നുമായിരുന്നു. അല്പം മുമ്പ്‌ വരെ ജീവനോടെ ഉണ്ടായിരുന്ന ആ കോഴിയുടെ ശരീരത്തിലെ ചൂട് ഇറച്ചി ക്കഷണങ്ങളില്‍ നിന്നും അപ്പോഴും മാറിയിട്ടുണ്ടാകില്ല.

സൈഡിലെ കാര്യറില്‍ തൂക്കിയിട്ടു ബൈക്ക് സ്റ്റാര്ട്ട് ചെയ്യുമ്പോള്‍ അടുത്ത ആവശ്യക്കാരന് വേണ്ടി കടക്കാരന്‍ വീണ്ടും കൂടിനുള്ളിലേയ്ക്ക് കയറിയിട്ടുണ്ടാകും.

വീട്ടിലേയ്ക്ക് പോകുമ്പോള്‍ ഞാന്‍ മനസിലുറപ്പിയ്ക്കും.

ഇല്ല. ഇനി ഒരിക്കലും ഈ കടയിലേയ്ക്ക് വരില്ല. ഇത് ക്രൂരതയല്ലേ!?

ദിവസങ്ങള്ക്ക് ശേഷം അതേ കടയില്‍ നിന്നും പിന്നെയും ഇറച്ചി വാങ്ങി പോകുമ്പോഴും ഇങ്ങനെയൊക്കെ തന്നെ കരുതാറുണ്ടായിരുന്നു.